മകള്‍ സുമംഗലിയായ വേദിയില്‍ ആദിവാസി യുവതിക്കും മാംഗല്യമൊരുക്കി റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. പ്രകാശ്: ശബരിമല പൂങ്കാവനത്തിലെ സോമിനിക്ക് ഇത് പുണ്യമുഹൂര്‍ത്തം

0 second read
Comments Off on മകള്‍ സുമംഗലിയായ വേദിയില്‍ ആദിവാസി യുവതിക്കും മാംഗല്യമൊരുക്കി റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. പ്രകാശ്: ശബരിമല പൂങ്കാവനത്തിലെ സോമിനിക്ക് ഇത് പുണ്യമുഹൂര്‍ത്തം
0

റാന്നി: വിവാഹത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ ധൂര്‍ത്ത് നടത്തുന്ന മാതാപിതാക്കള്‍ അനുകരിക്കേണ്ട വ്യക്തിത്വമാണ് റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. പ്രകാശിന്റേത്. സ്വന്തം മകളുടെ വിവാഹം നടന്ന വേദിയില്‍ തന്നെ ആദിവാസി പെണ്‍കുട്ടിക്കും മംഗല്യഭാഗ്യം ഒരുക്കി റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. പ്രകാശ് മാതൃകയായി. ഇന്നലെ രാവിലെ 11.50ന് റാന്നി വളയനാട്ട് ഓഡിറ്റോറിയത്തില്‍ പ്രകാശിന്റെ മകള്‍ ആതിരയുടെ വിവാഹം നടന്ന അതേ മണ്ഡപത്തില്‍ തന്നെയാണ് ശബരിമല പുങ്കാവനത്തില്‍ കുടിലുകെട്ടി താമസിക്കുന്ന പ്ലാപ്പള്ളി ആദിവാസി ഊരിലെ ഓമനയുടെ മകളായ സോമിനി(19)ക്കും മംഗല്യഭാഗ്യം ഒരുക്കിയത്.

അടൂര്‍ പറക്കോട് അനില്‍ മന്ദിരത്തില്‍ അനില്‍ കുമാറിന്റെ മകന്‍ അനന്ത കൃഷ്ണന്‍, കെ.ആര്‍.പ്രകാശിന്റെ മകള്‍ ആതിരയ്ക്ക് താലി ചാര്‍ത്തിയപ്പോള്‍ തൊട്ടുപിന്നാലെ ആദിവാസി ഊരിലെ സോമിനിയുടെ കഴുത്തില്‍, മഞ്ഞത്തോട് ആദിവാസി ഊരിലെ മാധവന്റെ മകന്‍ രാജിമോനും മിന്നുകെട്ടി.
മജന്താ നിറത്തോടുകൂടിയ സാരിയും ബ്ലൗസുമാണ് വിവാഹപന്തലില്‍ രണ്ടുപേരും അണിഞ്ഞത്. ളാഹ ഇളയതമ്പുരാട്ടി കാവിലെ തന്ത്രി മധു ദേവാനന്തുവിന്റെ കാര്‍മ്മീകത്വത്തില്‍ ആദിവാസി വിധിപ്രകാരം ചടങ്ങുകള്‍ക്ക് തുടക്കമായി. ആചാരപ്രകാരം മഞ്ഞള്‍ ചേര്‍ത്ത വെള്ളത്തില്‍ ശുദ്ധീകരണ പൂജ നടന്നു. തുടര്‍ന്ന് താലിമാല നാളീകേരത്തിന് മുകളില്‍ സമര്‍പ്പിച്ചു. പിതാവിന്റെ അഭാവത്തില്‍ സോമിനിക്ക് ചാര്‍ത്താനായി ആന്റോ ആന്റണി എം.പി താലി രാജിമോന് കൈമാറിയപ്പോള്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു സോമിനിയുടെ കൈകളിലേക്ക് ആദിവാസി ആചാരപ്രകാരമുള്ള തുളസി കതിരില്‍ കെട്ടിയ വരണമാല്യം നല്‍കി. ഊരുമൂപ്പന്‍ രാജുവാണ് രാജിമോന് വരണമാല്യം നല്‍കിയത്. തുടര്‍ച്ച് മാല ചാര്‍ത്തലും താലികെട്ടും മുറപോലെ നടന്നു.

സോമിനിക്കുള്ള താലി, സ്വര്‍ണമാല, കമ്മല്‍ വരനും വധുവിനുമുള്ള വസ്ത്രങ്ങള്‍ എന്നിവയെല്ലാം പ്രകാശാണ് വാങ്ങി നല്‍കിയത്. വരനും വധുവിനും ബന്ധുക്കള്‍ക്കും റാന്നിയിലെത്താന്‍ വാഹനവും ക്രമീകരിച്ചു. വനത്തില്‍ താമസിക്കുന്നവരായ തങ്ങള്‍ക്ക് നാട്ടിലെ കല്യാണം പുതിയ അനുഭവമായതായി ആദിവാസി ഊര് മൂപ്പന്‍ രാജു പറഞ്ഞു. .ആദിവാസി നേതാവ് പി.എസ് ഉത്തമനും കോളനിയില്‍ നിന്ന് ബന്ധുക്കളും എത്തിയിരുന്നു.

മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്, റാന്നി എം.എല്‍.എ പ്രമോദ് നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍, മുന്‍ എം.എല്‍.എ രാജു ഏബ്രഹാം, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, ഡി.സി.സി സെക്രട്ടറി അഡ്വ.ജയവര്‍മ്മ, റിങ്കു ചെറിയാന്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി ഷൈന്‍ ജി.കുറുപ്പ്, ബി.ജെ.പി നേതാവ് അനോജ് കുമാര്‍, അയ്യപ്പ സേവാസംഘം ജനറല്‍ സെക്രട്ടറി ഡി.വിജയകുമാര്‍, എന്‍.എസ്.എസ് ബോര്‍ഡ് മെമ്പര്‍ ഭദ്രന്‍ കല്ലയ്ക്കല്‍, എസ്.എന്‍.ഡി.പി താലൂക്ക് പ്രതിനിധി വസന്തകുമാര്‍, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രന്‍, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സമത് മേപ്രത്ത്, ബേബിച്ചന്‍ വെച്ചൂച്ചിറ തുടങ്ങി നിരവധി ആളുകള്‍ മംഗല്യത്തിന് സാക്ഷിയായി.

സ്വന്തം മകളുടെ വിവാഹം സ്വര്‍ണം ഉള്‍പ്പെടെ ആഡംബരങ്ങള്‍ പരമാവധി ഒഴിവാക്കി നടത്തണമെന്നത് നേരത്തെയുള്ള ആഗ്രഹമായിരുന്നുവെന്ന് കെ.ആര്‍. പ്രകാശ് പറഞ്ഞു. ഇതിനൊപ്പം മറ്റൊരു പെണ്‍കുട്ടിയെക്കൂടി വിവാഹം ചെയ്ത് അയയ്ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ് പ്രകാശും കുടുംബവും.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…