
കൊടുമണ്‍: എം.സി റോഡില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് വനിതാ ഡോക്ടര്‍ മരിച്ചു. ചന്ദനപ്പള്ളി വടക്കേക്കര വീട്ടില്‍ പരേതനായ അജി പി. വര്‍ഗീസിന്റെ ഭാര്യ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് കൊട്ടാരക്കര വയക്കല്‍ കമ്പംകോട് എം. സി റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത്. ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം ഇന്ന് പുലര്‍ച്ചെ 5.30 ഓടെ വീട്ടിലേക്ക് വരും വഴി ആയിരുന്നു അപകടം ഉണ്ടായത്. ഡ്രൈവര്‍ ചന്ദനപ്പള്ളി സ്വദേശി ബിജു ജോര്‍ജിന് പരുക്കേറ്റിട്ടുണ്ട്. ആറു വര്‍ഷം മുമ്പാണ്
ദുബായ് ന്യൂ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ജോലിയില്‍ പ്രവേശിച്ചത്. അതിന് മുമ്പ് ചായലോട് സ്വകാര്യ മെഡിക്കല്‍ കോളേജ്, കോന്നി, അടൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികള്‍, ചന്ദനപ്പള്ളി പി. എച്ച്. സി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് അജി പി വര്‍ഗീസ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്. മകള്‍ ഏഞ്ചലിന ദുബായില്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ്. മകന്‍ വീനസ് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. സംസ്‌കാരം ബുധന്‍
രാവിലെ 10.30 നു ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ നടക്കും.