
കോഴഞ്ചേരി: ജനകീയ ഹോട്ടല്‍ അടഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും
തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ ഒരു ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിലച്ചിട്ടാണ് ഒരു വര്‍ഷം കഴിയുന്നത്. ഹോട്ടല്‍ അടച്ചതോടെ സാധാരണക്കാരുടെ അന്നവും മുടങ്ങി. കോവിഡ് കാലഘട്ടത്തില്‍ ആരംഭിച്ച സാമൂഹിക അടുക്കള പിന്നീട് ജനകീയ ഹോട്ടലാക്കി ആയിരുന്നു തുടക്കം. സ്‌റ്റേഡിയത്തിന് സമീപം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് പഞ്ചായത്തിന്റെ ജനകീയ ഹോട്ടല്‍ തുറന്നത്.
കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ ആയിരുന്നു ഹോട്ടല്‍ നടത്തിപ്പ്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും കുടുംബശ്രീ ജില്ലാ മിഷന്‍ വഴി സബ്‌സിഡിയും ഇതിന് ലഭിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ എത്തുന്നവരില്‍ നിന്നും ഈടാക്കുന്ന തുകക്ക് പുറമെ ഓരോ ഭക്ഷണത്തിനും 10 രൂപ വീതം ആയിരുന്നു സര്‍ക്കാരില്‍ നിന്നും സബ്‌സിഡി ആയി ലഭിച്ചിരുന്നത്. സ്‌പെഷല്‍ ഭക്ഷണത്തിനു വില വേറെയും നല്‍കണം. ഇത്രയൊക്കെ ആയിരുന്നു വരുമാനം. എന്നാല്‍ ഗ്രാമപഞ്ചായത്ത് അറിയാതെ ബാങ്ക് വായ്പയെടുത്തു എന്ന് കണ്ടെത്തിയതോടെ സംഘാടകര്‍ക്ക് നോട്ടീസ് നല്‍കി.
വായ്പയ്ക്കായി ഹോട്ടല്‍ ഈട് നല്‍കുകയും ചെയ്തതായും രേഖകളില്‍
ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ ഉണ്ടത്രേ. ഇതിനു പുറമെ ബന്ധപ്പെട്ട
യൂണിറ്റില്‍ അംഗമല്ലാത്തവരെ ഉള്‍പ്പെടുത്തുകയും ഇവരെ ഭാരവാഹികള്‍ ആക്കിയതായും പരാതി ഉയര്‍ന്നിരുന്നു. ഇതൊന്നും ബന്ധപ്പെട്ട അധികൃതര്‍ അറിഞ്ഞിരുന്നുമില്ല. എന്നാല്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള അന്വേഷണം എത്തിയപ്പോഴാണ് ഗ്രാമ പഞ്ചായത്തും ഇക്കാര്യം അറിയുന്നത്. ഇതോടെ പുതിയ വായ്പ എടുക്കാനുള്ള നീക്കം തടഞ്ഞു. ഇതോടെയാണ് ജനകീയ ഹോട്ടല്‍ അടച്ചിട്ടത്. ഹോട്ടലിന്റെ വരവ്-ചെലവ് കണക്കുകളില്‍ അപാകത കണ്ടെത്തുകയും ചെയ്തു. ഇതോടെ പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്ന് നടത്തിപ്പുകാരോട് വിശദീകരണം ചോദിക്കുകയും 2023 മേയ് 31വരെ നിലവിലുള്ള സംവിധാനം തുടരന്‍ അനുവദിക്കുകയും ചെയ്തു.
എന്നാല്‍ ഹോട്ടല്‍ നടത്താന്‍ താത്പര്യമില്ലെന്ന നിലപാടില്‍ പ്രവര്‍ത്തകര്‍ എത്തുകയും അടച്ചിടുകയും ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്റെ ഫണ്ട് ഉപയോഗിച്ചാണ് ജനകീയ ഹോട്ടലിലേക്ക് ആവശ്യമായ ഫര്‍ണീച്ചറുകളും പാത്രങ്ങളും ഉപകരണങ്ങളും വാങ്ങിയത് .ഇതിനാല്‍ തന്നെ പഞ്ചായത്തിനും കുടുംബശ്രീക്കും ഉത്തരവാദിത്വം ഉണ്ടെങ്കിലും ഇവര്‍ ഇതിലേക്ക് ശ്രദ്ധിക്കാതിരുന്നതാണ് സാമ്പത്തിക ഇടപാടുകള്‍ക്ക് വരെ
നിദാനമായത് എന്ന് പറയുന്നു. പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വച്ചതായി ഉള്ള അറിയിപ്പ് ജനകീയ ഹോട്ടലിന് മുന്‍പില്‍ പതിച്ചിരുന്നു. പ്രവര്‍ത്തനം നിര്‍ത്തി ഒരു വര്‍ഷം കഴിയുമ്പോഴും വീണ്ടും ആരംഭിക്കാനായുള്ള ഒരു ശ്രമവും ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പുതുതായി അപേക്ഷകള്‍ ക്ഷണിച്ച് കൂടിക്കാഴ്ച നടത്തിയെങ്കിലും ആരും തയാറായി വന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
അറ്റകുറ്റപ്പണികള്‍ നടത്താതെ കെട്ടിടം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലേക്ക് പോകുകയാണ്. ഇത് നന്നാക്കി നല്‍കണമെന്നും പുതിയ സംരംഭകരായി എത്തിയവര്‍ ആവശ്യപ്പെട്ടു. ഇതിന് പഞ്ചായത്ത് കമ്മറ്റി അനുമതി നല്‍കാതെ വന്നതോടെ ഹോട്ടല്‍ തുറക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ തന്നെ തുടരുകയാണ്.