പത്തനംതിട്ട: നെറ്റിപ്പട്ടങ്ങളുടെ കമനീയത ഒരുക്കുകയാണ് കോന്നി അരുവാപ്പുലം വെണ്‍മേലില്‍ വീട്ടില്‍ എസ്. ദേവിക. മെഴുവേലി പത്മനാഭോദയം ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച ദേവികയുടെ ആഗ്രഹം അധ്യാപിക ആകണമെന്നാണ്. എങ്കിലും താന്‍ സ്വായത്തമാക്കിയ കല വിടാന്‍ തയാറല്ല. നാലു വര്‍ഷമായി നെറ്റിപ്പട്ട നിര്‍മാണത്തില്‍ ദേവിക സജീവമാണ്.
കോന്നിയിലെ ഫാഷന്‍ ഡിസൈനര്‍ സീതി അജിത്താണ് നെറ്റിപ്പട്ടത്തിന്റെ അറിവുകള്‍ പകര്‍ന്ന് നല്‍കിയത്. മനസില്‍ വിരിയുന്ന നെറ്റിപ്പട്ട രൂപങ്ങള്‍ കണ്ട് മനസ്സിലാക്കിയാണ് നെറ്റിപ്പട്ട രീതികള്‍ പരിശീലിച്ചത്. വൈവിധ്യവും ആകര്‍ഷകവുമായ നെറ്റിപ്പട്ടങ്ങളാണ് ഏറെയും നിര്‍മിക്കുന്നത്. വിവിധതരം കുമിളകള്‍, വര്‍ണനൂലുകള്‍, തുണികള്‍, പശ ഇവ ചേര്‍ത്താണ് നിര്‍മാണം.
ലോക്ഡൗണ്‍ കാലഘട്ടത്തിലാണ് നെറ്റിപ്പട്ട നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ഇതിനോടകം നൂറോളം നെറ്റിപ്പട്ടങ്ങള്‍ ദേവിക നിര്‍മിച്ചിട്ടുണ്ട്. ഒന്നു മുതല്‍ ആറരയടി വരെയുള്ള നെറ്റിപ്പട്ടങ്ങളാണ് ഇതുവരെ നെയ്‌തെടുത്തത്. കോന്നി, ഐരവണ്‍ തുടങ്ങിയ ക്ഷേത്രങ്ങളിലും നെറ്റിപ്പട്ടങ്ങള്‍ നല്‍കിയിട്ടുണ്ട്. ആളുകളുടെ ഇഷ്ടം അനുസരിച്ചാണ് നിര്‍മിച്ച് നല്‍കുന്നത്. അതിസൂക്ഷ്മമായി ഓരോ ഭാഗങ്ങളും ചേര്‍ത്ത് വച്ചാണ് നെറ്റിപ്പട്ടത്തിന്റെ പൂര്‍ത്തീകരണം. വളരെ അധികം ക്ഷമയോടെ മാത്രമേ നെറ്റിപ്പട്ടം നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ.
കൈവഴക്കം വന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ നെറ്റിപ്പട്ടം നിര്‍മിച്ചെടുക്കാന്‍ സാധിക്കുമെന്ന് ദേവിക പറഞ്ഞു. ഗണപതി, പഞ്ചഭൂതം, ത്രിമൂര്‍ത്തികള്‍, നവഗ്രഹങ്ങള്‍, സപ്തര്‍ഷികള്‍, അഷ്ടലക്ഷ്മിമാര്‍, ലക്ഷ്മി, സരസ്വതി, പാര്‍വതി എന്നിങ്ങനെയാണ് നെറ്റിപ്പട്ടത്തിലെ നിര്‍മാണ രീതികള്‍. നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ നിന്നാണ് വാങ്ങുന്നത്. വൃത്തിയോടും ഭക്തിയോടും മാത്രമേ നെറ്റിപ്പട്ടം പൂര്‍ത്തീകരിക്കാന്‍ കഴിയൂ. സ്ഥാപനങ്ങളിലും വീടുകളിലും വാഹനങ്ങളിലും അലങ്കാരത്തിന് ഉപയോഗിക്കുന്ന ഫാന്‍സി നെറ്റിപ്പട്ടങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. നാട്ടിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൂടാതെ വിദേശ മലയാളികള്‍ക്കുവേണ്ടിയും നെറ്റിപ്പട്ടം തയാറാക്കി നല്‍കാറുണ്ട്. നിര്‍മിക്കുന്ന നെറ്റിപ്പട്ടങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇത് കണ്ടാണ് ഒട്ടേറെ ആളുകള്‍ ഓര്‍ഡര്‍ നല്‍കുന്നതും ദേവിക പറഞ്ഞു. അച്ഛന്‍ നന്ദകുമാറും അമ്മ ശ്രീലേഖ നന്ദകുമാറും ദേവികയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.