
പത്തനംതിട്ട: കലഞ്ഞൂര്‍ ഒന്നാം കുറ്റിയില്‍ കാര്‍ യാത്രികനെ ബൈക്കിലെത്തി തടഞ്ഞു മര്‍ദ്ദിച്ച യുവാവിനെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂര്‍ കാലായില്‍ ആറ്റൂര്‍ ഭാഗം നന്ദനം വീട്ടില്‍ അഭിനന്ദ് ( 24) ആണ് പിടിയിലായത്. മാങ്കോട് മണക്കാട്ടുപുഴ തെക്കേക്കര പുത്തന്‍ വീട്ടില്‍ എം ഐ ഇബ്‌നൂസി(63)നാണ് യുവാവിന്റെ മര്‍ദ്ദനമേറ്റത്. പത്തനാപുരത്തേക്ക് കാര്‍ ഓടിച്ചുപോയ ഇദ്ദേഹത്തെ വശം കൊടുത്തില്ല എന്നാരോപിച്ച് ഒന്നാം കുറ്റിയില്‍ ബൈക്ക് മുന്നില്‍ കയറ്റി വഴിതടഞ്ഞു മര്‍ദ്ദിക്കുകയായിരുന്നു.
കാര്‍ തടഞ്ഞു നിര്‍ത്തി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട പ്രതി ഗ്ലാസിനുള്ളിലൂടെ കയ്യിട്ട് മുഖത്ത് ഇടിച്ചു. തുടര്‍ന്ന്, ഡോര്‍ ബലമായി തുറന്ന് പുറത്തിറക്കി തലക്കും ദേഹത്തും അടിക്കുകയും താഴെ വീണപ്പോള്‍ തറയിലിട്ട് ചവിട്ടുകയും ചെയ്തു. സമീപത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴാണ് ഇയാള്‍ മര്‍ദ്ദനം നിര്‍ത്തിയത്. സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷനില്‍ നിന്നും വിരമിച്ച ഇബ്‌നൂസ് മുന്‍ സൈനികനുമാണ്. സാധനങ്ങള്‍ വാങ്ങാന്‍ പത്തനാപുരത്തേക്ക് പോകുകയായിരുന്നു. ചാറ്റല്‍ മഴ കാരണം പതിയെ കാര്‍ ഓടിച്ചുപോയ ഇദ്ദേഹത്തിന്റെ പിന്നാലെ ഹോണ്‍ മുഴക്കി വന്ന പ്രതി , വാഹനം ഒതുക്കി കൊടുത്തപ്പോള്‍ മുന്നില്‍ കയറി തടഞ്ഞു മര്‍ദ്ദിച്ചതായി മൊഴിയില്‍ പറയുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ കൂടല്‍ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിന്റെ നിര്‍ദേശപ്രകാരം, എസ് ഐ ആര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.