
മല്ലപ്പളളി: കീഴ്‌വായ്പ്പൂര്‍, കുന്നന്താനം സ്വദേശികളായ യുവാക്കളുടെ സംഘം
കുറ്റകൃത്യം നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞ സ്ഥലം പോലീസിനോട് വെളിപ്പെടുത്തി എന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചു. സംഘത്തിലെ മൂന്നുപേരെ കീഴ്‌വായ്പൂര്‍ പോലീസ് ഉടനടി പിടികൂടി. കല്ലുപ്പാറ ചെങ്ങരൂര്‍ ചിറ ശാസ്താംഗല്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുന്നക്കാട്ട് വീട്ടില്‍ എല്‍വിന്‍ ജി. രാജ(27)നാണ് മര്‍ദ്ദനമേറ്റത്. കുന്നന്താനം സ്വദേശികളായ അനന്തു വിനയന്‍, പ്രവീണ്‍, പ്രണവ്, ഉണ്ണിക്കുട്ടന്‍, അനന്തു ബിനു, ലിന്‍സന്‍ മറ്റു കണ്ടാല്‍ അറിയാവുന്ന മറ്റൊരാളും ചേര്‍ന്ന് എല്‍വിന്റെ വീടിന്റെ സമീപം വച്ചാണ് ദേഹോപദ്രവം ഏല്‍പ്പിച്ചത്. കഴിഞ്ഞദിവസം എല്‍വിനെയും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും സംശയകരമായ സാഹചര്യത്തില്‍ വീടിന് സമീപത്തുനിന്നും കീഴ്‌വായ്പ്പൂര്‍ പോലീസ് പിടികൂടുകയും, കഞ്ചാവ് ബീഡി വലിച്ചതിന് കേസെടുത്ത ശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എല്‍വിന് മര്‍ദ്ദനമേറ്റത്.
എല്‍വിന്‍ കീഴ്‌വായ്പ്പൂര്‍ സ്‌റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്‍ പെട്ടയാളാണ്. സംഘത്തിലെ അഞ്ചാം പ്രതി അനന്തു ബിനു (26), മൂന്നാം പ്രതി പ്രണവ് പ്രസന്നന്‍ (35), ഏഴാം പ്രതി ലിന്‍സന്‍ ലാലന്‍ (25) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി അനന്തു വിനയന്‍ ഫോണില്‍ വിളിച്ച് തന്റെ കയ്യില്‍ നിന്നും നേരത്തെ വാങ്ങിയ കൂളിങ് ഗ്ലാസും 500 രൂപയും തിരിച്ചുകൊടുക്കാന്‍ എല്‍വിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചെങ്ങരൂര്‍ റോഡില്‍ വിളിച്ചുവരുത്തി. പ്രതികള്‍ ബൈക്കിലും കാറിലുമായി സ്ഥലത്തെത്തി. കാറിന്റെ പിന്‍സീറ്റില്‍ മധ്യത്തിരുന്ന അനന്തു, കാറില്‍ കയറാന്‍ എല്‍വിനോട് ആവശ്യപ്പെട്ടു. ഒന്നും രണ്ടും പ്രതികളുടെ കയ്യില്‍ കല്ലുകള്‍ ഇരിക്കുന്നത് കണ്ടു. കയറാന്‍ വിസമ്മതിച്ചപ്പോള്‍ പ്രതികള്‍ ചേര്‍ന്ന് ബലമായി പിടിച്ചു കയറ്റാന്‍ ശ്രമിച്ചു. തുടര്‍ന്ന് അനന്തു കയ്യിലിരുന്ന കല്ലുകൊണ്ട് ഇയാളുടെ ചെവിയുടെ പിന്നില്‍ തലയില്‍ ഇടിച്ചു പരുക്കേല്‍പ്പിച്ചു. മറ്റുള്ളവര്‍ക്ക് ചേര്‍ന്ന് മുഖത്തും തലയിലും ശരീരമാകെയും മര്‍ദ്ദിച്ചു. താഴെ വീണപ്പോള്‍ നിലത്തിട്ട് ചവിട്ടി. മൊബൈല്‍ ഫോണ്‍ എറിഞ്ഞുടക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ സ്ഥലം വിട്ടു. പിന്നീട് അനന്തു ഇയാളെ ഫോണില്‍ വിളിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അനേ്വഷണം നടത്തി പ്രതികളെ പിടികൂടിയത്.