കോവിഡ് സെന്റര്‍ ജീവനക്കാരിയെ പീഡിപ്പിച്ച് നാടു വിട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍: മൂഴിയാറിലെ പ്രദീപ് പിടിയിലായത് മൂന്നു വര്‍ഷത്തിന് ശേഷം ഡല്‍ഹിയിലെ ഒളിയിടത്തില്‍ നിന്ന്

1 second read
Comments Off on കോവിഡ് സെന്റര്‍ ജീവനക്കാരിയെ പീഡിപ്പിച്ച് നാടു വിട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍: മൂഴിയാറിലെ പ്രദീപ് പിടിയിലായത് മൂന്നു വര്‍ഷത്തിന് ശേഷം ഡല്‍ഹിയിലെ ഒളിയിടത്തില്‍ നിന്ന്
0

പത്തനംതിട്ട: കോവിഡ് സെന്ററില്‍ ഒപ്പം ജോലി ചെയ്ത യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും പരാതി ഉയര്‍ന്നപ്പോള്‍ ഒളിവില്‍പ്പോവുകയും ചെയ്ത ഡിവൈഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടറിയെ മൂന്നു വര്‍ഷത്തിന് ശേഷം ഒളിസങ്കേതത്തില്‍ നിന്ന് മൂഴിയാര്‍ പൊലീസ് പൊക്കി.  സീതത്തോട് മംഗലശേരി വീട്ടില്‍ മനു എന്ന് വിളിക്കുന്ന എം.പി പ്രദീപിനെ(36)യാണ് മൂഴിയാര്‍ എസ്എച്ച്ഓ ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളെ നാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. 2020 നവംബര്‍ 14 നാണ് ഇയാള്‍ക്കെതിരേ പീഡനക്കേസ് എടുത്തത്. 2020 മെയ് മുതല്‍ ജൂലൈ വരെ രണ്ടര മാസം തുടര്‍ച്ചയായി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കലക്ടര്‍ക്കാണ് യുവതി പരാതി നല്‍കിയത്. കലക്ടര്‍ ഇത് എസ്പിക്ക് കൈമാറുകയും മൂഴിയാര്‍ പൊലീസ് കേസെടുക്കുകയുമായിരുന്നു. പീഡന പരാതി വരുമ്പോള്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്‌ഐ മേഖലയാ സെക്രട്ടറിയുമായിരുന്നു മനു. ഇയാള്‍ക്കെതിരേ പെണ്‍കുട്ടി പരാതി നല്‍കിയപ്പോള്‍ ഒതുക്കാനുള്ള നീക്കം നടത്തിയത് പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു. നടക്കാതെ വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വം ഇയാളെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി.

സിപിഎം കുത്തകയാക്കി കൈവശം വച്ചു പോരുന്ന സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൂടിയായിരുന്നു മനു. ആങ്ങമൂഴിയില്‍ മാര്‍ത്തോമ്മ സഭയുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് കോവിഡ് ക്വാറന്റൈന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ വോളന്റിയറായിരുന്നു മനു. ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞ ഒരാള്‍ പോസിറ്റീവ് ആയപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം മനുവും യുവതിയും ക്വാറന്റൈനിലായി. സെന്ററിന്റെ ഒന്നാം നിലയില്‍ വ്യത്യസ്ത മുറികളിലാണ് രണ്ടു പേരും കഴിഞ്ഞത്. ഇവിടെ വച്ച് മനു യുവതിയുമായി അടുപ്പത്തിലായി. വിവാഹവാഗ്ദാനം ചെയ്ത് അടുപ്പം അരക്കിട്ടുറപ്പിച്ചു. തുടര്‍ന്ന് രണ്ടു പേരും ഒരു മുറിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഈ നിലയില്‍ തന്നെ ഒരു മുറി മനു സ്വന്തമാക്കി വച്ചിരുന്നു. രാത്രികാലങ്ങളില്‍ ഇവിടെയാണ് ഇരുവരും കഴിഞ്ഞിരുന്നത്.

ഒരേ നാട്ടുകാര്‍ ആയിരുന്നിട്ടും മനു വിവാഹിതനാണ് എന്ന കാര്യം യുവതിക്ക് അറിയുമായിരുന്നില്ല. അറിഞ്ഞപ്പോഴാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്. മനു പീഡനക്കേസില്‍ പ്രതിയാകുമെന്ന് വന്നതോടെ പാര്‍ട്ടി നേതൃത്വം ഉണര്‍ന്നു. പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് കണ്ട് ചുമതലകളില്‍ നിന്ന് ഒഴിവാക്കി. യുവതിയുടെ നീക്കം മണത്തറിഞ്ഞ മനു ഒളിവില്‍ പോവുകയും ചെയ്തു. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കുറിച്ച് സൂചനയൊന്നുമില്ലായിരുന്നു. ഫോണും സോഷ്യല്‍ മീഡയയുമൊക്കെ ഉപേക്ഷിച്ചാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പ്രതിയെ കണ്ടുപിടിക്കാന്‍ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇവര്‍ നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി ഡല്‍ഹിയിലുണ്ടെന്ന് മനസിലാക്കിയത്. തുടര്‍ന്ന് പൊലീസ് സംഘം രഹസ്യമായി അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …