കോട്ടയത്തെ സ്വകാര്യബാങ്ക് കൊള്ള: ഒളിവിലുള്ള ഫൈസല്‍ രാജ് പത്തനാപുരത്ത് സമാനമോഷണ കേസില്‍ പ്രതി: അന്വേഷണം ഊര്‍ജിതം

0 second read
Comments Off on കോട്ടയത്തെ സ്വകാര്യബാങ്ക് കൊള്ള: ഒളിവിലുള്ള ഫൈസല്‍ രാജ് പത്തനാപുരത്ത് സമാനമോഷണ കേസില്‍ പ്രതി: അന്വേഷണം ഊര്‍ജിതം
0

പത്തനംതിട്ട: കോട്ടയത്ത് സ്വകാര്യ ബാങ്ക് കൊള്ളയടിച്ച കേസില്‍ പിടികിട്ടാനുള്ള പ്രതി ഫൈസല്‍രാജ് ചില്ലറക്കാരനല്ല.  കൂടല്‍, പത്തനാപുരം പൊലീസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തിയായ പാടം സ്വദേശിയായ ഫൈസല്‍ രാജ് പത്തനാപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനം കൊള്ളയടിച്ച് കൈക്കലാക്കിയത് നാലര കിലോ സ്വര്‍ണമാണ്. കൂടല്‍ പോലീസ് സ്‌റ്റേഷനില്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കെതിരേ കാപ്പ ചുമത്താനുള്ള അപേക്ഷ പൊലീസ് നല്‍കിയിരുന്നുവെങ്കിലും ജില്ലാ കലക്ടര്‍ നിരസിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ഏഴിന് കുറിച്ചി മന്ദിരം  കവലയില്‍ പോളച്ചിറ പാറപ്പുറം പരമേശ്വരന്‍ നായരുടെ ഉടമസ്ഥതയിലുള്ള സുധാ ഫിനാന്‍സിന്റെ ഷട്ടര്‍ കുത്തിത്തുറന്ന് 1.25 കോടിയുടെ പണയസ്വര്‍ണവും എട്ടു ലക്ഷം രൂപയുമാണ് ഫൈസലും കൂട്ടുകാരന്‍ പത്തനംതിട്ട  കൂടല്‍ കലഞ്ഞൂര്‍ അനീഷ് ഭവനത്തില്‍ അനീഷ് ആന്റണി(25)യും ചേര്‍ന്ന് മോഷ്ടിച്ചത്. എസ്.പി കാര്‍ത്തികിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ അനീഷ് പിടിയിലായെങ്കിലും ഫൈസല്‍ രാജിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പത്തനാപുരം സ്‌റ്റേഷനില്‍ രണ്ടു മോഷണക്കേസുകളില്‍ പ്രതിയാണ്  ഫൈസല്‍ രാജ്. കഴിഞ്ഞ വര്‍ഷം മേയ് 16 ന് പത്തനാപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനമായ പത്തനാപുരം ബാങ്ക് കുത്തിത്തുറന്ന് നാലര കിലോ സ്വര്‍ണമാണ് ഫൈസല്‍ രാജ് മോഷ്ടിച്ചത്. ഈ കേസില്‍ ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. അതിന് മുന്‍പാണ് മറ്റൊരു മോഷണക്കേസില്‍ ഇയാള്‍ പ്രതിയായത്. 2020 ല്‍ ഒരു പടക്കമേറ് കേസില്‍ ഫൈസലിനെയും അനീഷിനെയും കൂടല്‍ പൊലീസ്  അറസ്റ്റ് ചെയ്തിരുന്നു. എക്‌സ്‌പ്ലോസീവ്‌സ് ആക്ട് പ്രകാരം എടുത്ത കേസില്‍ ഇരുവരും റിമാന്‍ഡിലാവുകയും ചെയ്തു. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് ഇവര്‍ പടക്കമേറ് നടത്തിയത്.

കവര്‍ച്ച, ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി കേസുകള്‍ ആയപ്പോള്‍ ഇയാള്‍ക്കെതിരേ കാപ്പ ചുമത്തുന്നതിന്  കൂടല്‍ പൊലീസ് കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ജില്ലാ കലക്ടര്‍ ഇത് നിരസിച്ചു. ഫൈസല്‍ രാജ് തുടര്‍ച്ചയായ കേസില്‍ പ്രതിയായിരുന്നതിനാല്‍ ഇയാള്‍ക്കെതിരേ 107 പ്രകാരം ബോണ്ട് എടുത്തിരുന്നു. ബോണ്ട് ലംഘനം നടത്തിയതിനാല്‍ അതിന്റെ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയാകുമെന്ന് പറഞ്ഞാണ് കാപ്പ നിരസിച്ചത്. അതനുസരിച്ച് ബോണ്ട്  ലംഘനം  സംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ട് കൊടുക്കുകയും സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിളിച്ചു വരുത്തി വീണ്ടും ഒരു ലക്ഷം രൂപയുടെ ബോണ്ട് വയ്പിച്ചു. അതിന് ശേഷവും ലംഘനം നടത്തിയതിനാല്‍ രണ്ടു ലക്ഷത്തിന്റെ ബോണ്ട് വച്ചു. അതിന് ശേഷം 110 പ്രൊസീഡിയര്‍ തുടങ്ങി ഗുണ്ടാ ആക്ടില്‍ ചേര്‍ക്കാനുള്ള നടപടി ക്രമങ്ങള്‍ നടത്തി വരികയാണ്.

കോട്ടയത്ത് നിന്ന് വിവരം കിട്ടിയതിന്‍ പ്രകാരം പത്തനാപുരം പൊലീസ് ഫൈസല്‍ രാജിനെ വിളിപ്പിച്ചെങ്കിലും അപകടം മണത്ത് ഇയാള്‍ മുങ്ങുകയാണുണ്ടായത്. ഇയാള്‍ക്കായി അന്വേഷണം തുടര്‍ന്നു വരികയാണെന്ന് കോട്ടയം എസ്പി പറയുന്നു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…