ഇലന്തൂര്‍: വീതി കൂട്ടാതെ പുനരുദ്ധരിച്ചതു മൂലം ഓമല്ലൂര്‍-ഇലന്തൂര്‍ (പരിയാരം) റോഡില്‍ അപകടം തുടര്‍ക്കഥയാവുന്നു. വീതിക്കുറവും കൊടുംവളവും കാരണം ജെ. എം. ആശുപത്രി ജങ്ഷനില്‍ നിരന്തരം അപകടങ്ങളാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കാറുമായി കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു.
ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച റോഡിന്റെ പല ഭാഗങ്ങളിലും നിശ്ചിത അളവില്‍ വീതി എടുക്കാതെ ടാറിങ് നടത്തുകയായിരുന്നു. റോഡിലൂടെ അമിത വേഗതയില്‍ പാഞ്ഞ് വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായി. അപകടനിരക്കും ഉയര്‍ന്നു. ജെ.എം. ആശുപത്രി ജങ്ഷനില്‍ നിന്നുളള അരകിലോമീറ്റര്‍ വീതി തീരെ കുറവാണ്. ഈ ഭാഗത്ത് കഷ്ടിച്ച് ഒരു വാഹനത്തിന് പോകാനുളള വീതിയേ ഉളളു. കൊടും വളവുകളുമാണ്. ഇരു വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു.
ജെ.എം ആശുപത്രി ഉടമസ്ഥരായ ഇലന്തൂര്‍ മാര്‍ത്തോമ്മാ വലിയപളളി സ്ഥലം വിട്ടു കൊടുക്കാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇതു കൂടാതെ ഉദ്യോഗസ്ഥര്‍ ജെ.സി.ബിയുമായി എത്തി മതില്‍ പൊളിച്ചു നീക്കിയത് വിവാദമായിരുന്നു. പൊളിച്ച മതില്‍ അതേ സ്ഥിതിയില്‍ അവിടെ കിടപ്പുണ്ട്. മതില്‍ പൊളിച്ചതല്ലാതെ റോഡിന്റെ ഇരുവശങ്ങളിലുമുളള മറ്റ് സ്ഥലം ഉടമകളുമായി സംസാരിച്ച് വീതി കൂട്ടാന്‍ ഒരു നടപടിയും പൊതു മരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. ജെ.എം. ആശുപത്രി ജങ്ഷനില്‍ സംഗമിക്കുന്ന തുമ്പമണ്‍ പരിയാരം റോഡില്‍ കൈയേറ്റങ്ങള്‍ ഉണ്ട്.
ഈ ഭാഗത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചാല്‍ തന്നെ ജങ്ഷനില്‍ നല്ല വീതി കിട്ടും. പ്രക്കാനം ഓര്‍ത്തഡോക്‌സ് വലിയപളളിയുടെ സമീപത്തും റോഡ് ഇതേപോലെ അപകടക്കെണിയായി നില്‍ക്കുന്നു. വീതിക്കുറവും വളവും കാരണം ഇവിടെയും അപകടം വര്‍ധിച്ചു വരുന്നു.