
പത്തനംതിട്ട: തിരുവല്ല-കുമ്പഴ റോഡില്‍ ചുരുളിക്കോടിന് സമീപം പച്ചക്കറി കയറ്റി വന്ന ലോറിയും ഗാനമേള ട്രൂപ്പിന്റെ സാധനങ്ങള്‍ കയറ്റി വന്ന ഗുഡ്‌സ് കാരിയറും കൂട്ടിയിച്ച് രണ്ടു മരണം. തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ നീലഗിരി കുനൂര്‍ സ്വദേശി അജിത്ത് കുമാര്‍, ഗുഡ്‌സ് കാരിയറിന്റെ ഡ്രൈവര്‍ പുന്നപ്ര സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്. പിക്കപ്പ് വാനില്‍ സഞ്ചരിച്ചിരുന്ന മുതുകുളം സ്വദേശി സുര്‍ജിത്തിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 6.45 നാണ് അപകടം. കോഴഞ്ചേരി ഭാഗത്തു നിന്നും വന്നതാണ് പച്ചക്കറി ലോറി. സീതത്തോട്ടില്‍ ഗാനമേള കഴിഞ്ഞ് മടങ്ങിയ കണ്ണകി എന്ന ട്രൂപ്പിന്റെ സൗണ്ട് സിസ്റ്റവും കയറ്റി വന്നതാണ് ബഡാദോസ്ത് ഗുഡ്‌സ് കാരിയര്‍. ഇരുവാഹനങ്ങളും നേര്‍ക്കു നേരെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി സമീപത്തെ മതിലും തകര്‍ത്ത് മറിഞ്ഞു. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഒരു മണിക്കുറോളം സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. പൊലീസും ഫയര്‍ ഫോഴ്‌സുമെത്തിയാണ് വാഹനങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.