മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: മൂന്നംഗ സംഘത്തിലെ ഒരാള്‍ പന്തളത്ത് പിടിയില്‍

0 second read
Comments Off on മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: മൂന്നംഗ സംഘത്തിലെ ഒരാള്‍ പന്തളത്ത് പിടിയില്‍
0

പന്തളം: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വയ്ക്കുന്നത് പതിവാക്കിയ മൂന്നംഗ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. ഒരു സ്ഥാപനത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും പണയം വയ്ക്കാന്‍ എത്തിയപ്പോള്‍ ജീവനക്കാരിക്ക് തോന്നിയ സംശയമാണ് പ്രതി പിടിയിലാകാന്‍ കാരണമായത്. കാരയ്ക്കാട് സ്വദേശി അനീഷാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബികെപി കമര്‍ഷ്യല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് ഇയാള്‍ എത്തിയത്. യഥാര്‍ത്ഥ സ്വര്‍ണമാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം 916 ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിച്ച എട്ടു ഗ്രാം തൂക്കം വരുന്ന വളയുമായി ബ്രാഞ്ച് മാനേജര്‍ മേഘ മോഹനെ സമീപിച്ചു. 39000 രൂപ കൈപ്പറ്റിയ സ്ഥലംവിട്ടു. ഇന്നലെ വൈകിട്ട് ഇതേസമയം രണ്ടാം പ്രതി അപ്പുവുമൊപ്പം എത്തിയ അനീഷ്, തന്റെ സഹോദരന്‍ വിജേഷിന്റെ ആധാര്‍ കാര്‍ഡ് കാട്ടിയശേഷം തലേദിവസം കൊണ്ടുവന്ന അതേ ഫാഷനിലും തൂക്കവും സ്വര്‍ണനിറത്തിലുള്ള മുക്കുപണ്ടമായ വള പണയം വക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ മാനേജര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.

രണ്ടാമത്തെ കേസില്‍ അനീഷ് ഒന്നാം പ്രതിയും കുരമ്പാല സ്വദേശി ശ്യാം രണ്ടാം പ്രതിയുമാണ്. രണ്ടു പേരും ചേര്‍ന്ന് കഴിഞ്ഞവര്‍ഷം ഡിസംബര്‍ 27 ന് രാവിലെ 11 ന് കുരമ്പാലയിലുള്ള വിസ്മയ ഫിനാന്‍സിലെത്തി ഇതേരീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നു. 12 ഗ്രാം തൂക്കം വരുന്ന സ്വര്‍ണനിറത്തിലുള്ള മാല പണയം വച്ച് 55000 രൂപയും, രണ്ട് ദിവസം കഴിഞ്ഞെത്തി 10, ആറ് ഗ്രാം വീതം തൂക്കമുള്ള രണ്ട് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി 75000 രൂപയും കൈപ്പറ്റി. രണ്ടുതവണയും വിജേഷിന്റെ ആധാര്‍ കാര്‍ഡുമായാണ് പ്രതികള്‍ എത്തിയത്. തട്ടിപ്പ് മനസ്സിലാക്കിയ സ്ഥാപന ഉടമ റോയ് ബാന്‍ അന്ന് പോലീസില്‍ വിവരം അറിയിച്ചിരുന്നു. ഇന്നലെ അറസ്റ്റിലായ അനീഷിനെ റോയ് ബാനെ കാണിച്ച് തിരിച്ചറിയുകയും തുടര്‍ന്ന് രണ്ടാമത്തെ കേസ് എടുക്കുകയുമായിരുന്നു.

രണ്ടു കേസിലെയും ബാക്കി രണ്ട് പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…