എം.ഡി.എം.എ കേസില്‍ പിടിയിലായ പ്രതിയെ ആദ്യം മുക്കി: വാര്‍ത്തയായപ്പോള്‍ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്: പ്രതിക്കൂട്ടില്‍ പത്തനംതിട്ട നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി

0 second read
0
0

തിരുവല്ല: സ്വകാര്യ ബസില്‍ നിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളില്‍ ഒരാളെ മാത്രം അറസ്റ്റ് ചെയ്യുകയും അപരനെ ഒഴിവാക്കുകയും ചെയ്ത പോലീസ് വെട്ടിലായി. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് രണ്ടാമനെയും കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തു. ജില്ലാ ഡാന്‍സാഫ് ടീം, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി, ലോക്കല്‍ പോലീസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയ കേസിലാണ് വൈകുന്നേരമായപ്പോള്‍ അട്ടിമറി നടന്നത്.

കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെ. ഉമേഷ്‌കുമാറിന്റെ ഉരുണ്ടു കളി കൂടിയായതോടെ സംശയം വര്‍ധിച്ചു. അടൂര്‍ പഴകുളം വലിയവിളയില്‍ ഫൈസല്‍ മുഹമ്മദ് (24), പറക്കോട് അണ്ടൂര്‍ തേക്കേതില്‍ റോക്കി റോയി ( 21 ) എന്നിവരെയാണ് 11 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. ഇരുവരെയും വിലങ്ങണിയിച്ച് തെളിവെടുപ്പും നടത്തി. രണ്ടു പ്രതികളുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് വിവരവും നല്‍കി. വൈകിട്ട് ജില്ലാ പോലീസ് മേധാവിയുടെ പത്രക്കുറിപ്പ് വന്നപ്പോള്‍ പ്രതിയായുള്ളത് ഒരാള്‍ മാത്രം. എന്തു സംഭവിച്ചുവെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ചപ്പോള്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡാന്‍സാഫ് ടീമിന്റെ തലവനും നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുമായ ജെ. ഉമേഷ്‌കുമാര്‍ ഉരുണ്ടു കളിച്ചു. എം.ഡി.എം.എ കൈവശം വച്ചിരുന്നയാളെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. രണ്ടാമനെതിരേ അന്വേഷണം ഉണ്ടാകും. അത് അന്വേഷിക്കേണ്ടത് തിരുവല്ല പോലീസാണെന്നും സ്വാധീനമൊന്നും ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഉമേഷ്‌കുമാറിന്റെ നിലപാട്.

ബാംഗ്ലൂര്‍ മഡുവാളയില്‍ നിന്നും തിങ്കള്‍ രാത്രി ഒമ്പതു മണിയോടെ പുറപ്പെട്ട യാത്ര എന്ന ടൂറിസ്റ്റ് ബസ്സില്‍ സഞ്ചരിച്ചിരുന്നവരാണ് എം.ഡി.എം.എയുമായി പിടിയിലായത്. തിരുവല്ല ചെങ്ങന്നൂര്‍ റോഡില്‍ മഴുവങ്ങാട്ചിറയ്ക്ക് സമീപം പുളിമൂട്ടില്‍ സില്‍ക്‌സിന് മുമ്പിലായി ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് ബസിന്റെ ലഗേജ് കമ്പാര്‍ട്ട്‌മെന്റ് ഷൂസിലും ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലും ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ പിടികൂടിയത്. പിടിയിലായ ഫൈസല്‍ മുഹമ്മദിന് എതിരെ എംഡിഎംഎ , കഞ്ചാവ് കടത്ത് അടക്കമുള്ള ഒട്ടനവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇരുവരുടെയും കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഒപ്പമുണ്ടായിരുന്ന റോക്കിക്ക് വേണ്ടി ബന്ധുക്കള്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നുവെന്ന് പറയുന്നു. ആഡംബരക്കാറില്‍ ഇവര്‍ എത്തിയതിന് ശേഷമാണ് പോലീസിന്റെ തിരക്കഥ മാറി മറിഞ്ഞത്. രണ്ടു യുവാക്കളെയും വിലങ്ങണിയിച്ച് തെളിവെടുക്കുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയിരുന്നു. വൈകിട്ട് പോലീസ് റിലീസ് വന്നപ്പോള്‍ ഒരു പ്രതിയായി ചുരുങ്ങി.

റോക്കിക്ക് ബംഗളൂരുവിലുള്ള ബൈക്ക് നാട്ടിലേക്ക് കൊണ്ടു വരുന്നതിനാണ് ഫൈസലുമായി പോയതെന്ന് പോലീസ് പറയുന്നു. ബൈക്ക് പാഴ്‌സല്‍ സര്‍വീസില്‍ കയറ്റി അയച്ചശേഷം ഇവര്‍ ബസില്‍ അടൂരിലേക്ക് വരികയായിരുന്നു. ഇവര്‍ തമ്മിലുള്ള വാട്‌സാപ്പ് ചാറ്റിലും ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശം ഇല്ല. എങ്കിലും ഇത്രയും ലഹരി മരുന്ന് ബംഗളൂരുവില്‍ നിന്ന് ഫൈസല്‍ കടത്തിയതാണെന്നും റോക്കിക്കും ഇക്കാര്യം അറിവുണ്ടായിരുന്നുവെന്നും കണ്ടാണ് ഇപ്പോള്‍ ഗൂഢാലോചന ചുമത്തി പ്രതിയാക്കിയിരിക്കുന്നത്. അന്വേഷണത്തില്‍ അട്ടിമറിയില്ലെന്ന് ഡിവൈ.എസ്.പി ടി. രാജപ്പന്‍ പറഞ്ഞു.

റോക്കിയെ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടാനുള്ള സാവകാശം വേണ്ടിയിരുന്നുവെന്നാണ് പറയുന്നത്. അതേ സമയം, ഒരാളെ മാത്രം പ്രതിയാക്കി പോലീസ് ധൃതി പിടിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയത് എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. അടൂര്‍ പോലീസ് ഫൈസല്‍ മുഹമ്മദിനെ അന്വേഷിച്ച് ഇറങ്ങിയിരുന്നു. ഡാന്‍സാഫ് ടീം പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞ് പിന്‍വാങ്ങുകയായിരുന്നു.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…