
പത്തനംതിട്ട: നേരത്തേ രജിസ്റ്റര്‍ ചെയ്ത രണ്ടെണ്ണം അടക്കം മൂന്നു പോക്‌സോ കേസുകളില്‍ പ്രതിയായ യുവാവ് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് പമ്പയാറ്റില്‍ ചാടി രക്ഷപ്പെട്ടു. പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് കുളത്തൂപ്പുഴ പോലീസ് ചാര്‍ജ് ചെയ്ത കേസിലെ പ്രതിയായ കുളത്തൂപ്പുഴ സ്വദേശി അപ്പുണ്ണി എന്ന് വിളിക്കുന്ന സനോജ് ആണ് ആറന്മുള പോലീസിനെ വെട്ടിച്ച് നദിയില്‍ ചാടി നീന്തി രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചെറുകോലിന് സമീപമായിരുന്നു സംഭവം. ചെറുകോല്‍ സ്വദേശിയുടെ ആനയുടെ പാപ്പാന്റെ സഹായി ആയിട്ട് പ്രവര്‍ത്തിച്ച് വരികയായിരുന്നു അപ്പുണ്ണി.
കുളത്തൂപ്പുഴ, കൊട്ടിയം സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ വേറെയും രണ്ട് പോക്‌സോ കേസുണ്ട്.പുതിയ കേസില്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാന്‍ കുളത്തൂപ്പുഴ എസ്.എച്ച്.ഓ ആറന്മുള പോലീസിന്റെ സഹായം തേടി. പ്രതിയുള്ള സ്ഥലം അറിയിക്കുകയും ചെയ്തു. ആറന്മുള സ്‌റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇയാള്‍ പമ്പാ നദിയില്‍ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു. ആറന്മുള പോലീസിന് പ്രതിയെ പിടിക്കാമായിരുന്നുവെന്നാണ് സൂചന. നിലവില്‍ ഓമല്ലൂര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളത്ത് കഴിഞ്ഞു മടങ്ങുന്ന ആനയെയും കൊണ്ടു പോകുന്ന വണ്ടികളില്‍ കയറി ഇയാള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പട്രോളിങ് ശക്തമാക്കി.