തിരുവല്ല: പീഡനക്കേസിലെ പ്രതിയെ അംഗത്വത്തില്‍ തിരിച്ചെത്തിച്ച് സി.പി.എം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതിനെതിരേ ഒരു വിഭാഗം പ്രതിനിധികള്‍ ബഹളം കൂട്ടി. ഇന്നലെ നടന്ന നാട്ടുകടവ് ബ്രാഞ്ച് സമ്മേളനത്തിലാണ് ബഹളമുണ്ടായത്. വാക്കേറ്റം സംഘര്‍ഷത്തിന്റെ വക്കിലെത്തി. പാര്‍ട്ടി പ്രവര്‍ത്തകയെ കാറില്‍ കയറ്റി കൊണ്ടുപോയി മയക്കു മരുന്ന് ചേര്‍ത്ത പാനീയം നല്കി നല്കി പീഡിപ്പിച്ച് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയ കേസിലെ ഒന്നാം പ്രതിയായ നാസറിനെ ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന്റെ വക്കില്‍ എത്തിയത്.
നാട്ടുകടവ് ബ്രാഞ്ച് സെക്രട്ടറി സുമേഷിന്റെ ഭവനമായിരുന്നു സമ്മേളനവേദി. പീഡന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവം വിവാദമായതോടെ നാസറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനിടെയാണ് ഇന്നലെ ബ്രാഞ്ച് സമ്മേളനത്തില്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നാസറിനെ എത്തിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശപ്രകാരം നാസറിന് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കിയതായി ഏരിയാ കമ്മിറ്റി അംഗം അറിയിച്ചു. എതിര്‍പക്ഷം ഇത് അംഗീകരിക്കുവാന്‍ തയാറായില്ല. ഇതോടെയാണ് കടുത്ത വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്ന സ്ഥിതിയും ഉണ്ടായത്.
നേരത്തേ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകടവ് ബ്രാഞ്ച് സമ്മേളനം മൂന്നുതവണ മാറ്റിവച്ചിരുന്നു. ഏരിയ കമ്മറ്റി അംഗം പ്രമോദ് ഇളമണിന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. നാസര്‍ ഉള്‍പ്പെട്ട പീഡന കേസില്‍ രണ്ടാം പ്രതിയായ സജിമോനെ കോട്ടാലിയില്‍ നടന്ന ബ്രാഞ്ച് സമ്മേളനത്തില്‍ ലോക്കല്‍ സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തതിനെ ചൊല്ലി കഴിഞ്ഞ ദിവസം നടന്ന ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തിലും ചേരിതിരിഞ്ഞുള്ള വാക്കേറ്റം നടന്നിരുന്നു. തിരുവല്ലയില്‍ സി.പി.എം വിഭാഗീയത ഏറെ നാളായി ശക്തമാണ്.