നിഖില്‍ തോമസിന്റെ വ്യാജരേഖാ വിവാദം: കായംകുളം എംഎസ്എം കോളജിനെതിരേ നടപടിക്ക് സര്‍വകലാശാല: വ്യാജരേഖ സമര്‍പ്പിച്ച് സ്വത്തുക്കളും സ്‌കൂളും തട്ടിയെടുത്തെന്ന് കോളജ് മാനേജരുടെ സഹോദര പുത്രി: ഇവിടെ സര്‍വവും വ്യാജമോ?

0 second read
Comments Off on നിഖില്‍ തോമസിന്റെ വ്യാജരേഖാ വിവാദം: കായംകുളം എംഎസ്എം കോളജിനെതിരേ നടപടിക്ക് സര്‍വകലാശാല: വ്യാജരേഖ സമര്‍പ്പിച്ച് സ്വത്തുക്കളും സ്‌കൂളും തട്ടിയെടുത്തെന്ന് കോളജ് മാനേജരുടെ സഹോദര പുത്രി: ഇവിടെ സര്‍വവും വ്യാജമോ?
0

കായംകുളം: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോം പ്രവേശനം നേടിയ സംഭവത്തില്‍ കായംകുളം എംഎസ്എം കോളജ് അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം. അതിനിടെ കോളജ് മാനേജര്‍ ഹിലാല്‍ ബാബുവിനും ഭാര്യ രഹനയ്ക്കുമെതിരേ വ്യാജരേഖ ചമച്ച് സ്‌കൂളും വസ്തുവകകളും തട്ടിയെടുത്തെന്ന പരാതിയുമായി സഹോദരി പുത്രി രംഗത്തു വന്നു. ഇവരുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. ഇതോടെ കായംകുളം എംഎസ്എം കോളജ് മാനേജ്‌മെന്റ് വീണ്ടും വിവാദത്തിലായി.

നിഖില്‍ തോമസ് വിഷയത്തില്‍ പ്രിന്‍സിപ്പാള്‍, കൊമേഴ്‌സ് വകുപ്പ് മേധാവി, വിവരാവകാശ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരേയാണ് നടപടി. ഇതിന് മുന്നോടിയായി ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്  നല്‍കും. തിങ്കളാഴ്ച കേരളാ വി.സി.  ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന, നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ മാത്രമുള്ള സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിഖില്‍ എംഎസ്എമ്മില്‍ പ്രവേശനം നേടുകയായിരുന്നു. നിഖില്‍ കലിംഗ സര്‍വകലാശാലയുടെ വിദ്യാര്‍ഥി ആയിരുന്നില്ലെന്നും വ്യാജ സര്‍ട്ടിഫിറ്റക്ക് തയാറാക്കിയതിനെതിരേ നടപടി വേണമെന്നും അധികൃതര്‍ കേരള സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു.

കലിംഗ സര്‍വകലാശാലയുടേതെന്ന രീതിയില്‍ നിഖില്‍ കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച ബികോം തുല്യതാ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കാനും കേരളാ വിസി ഉത്തരവിട്ടു. പ്രവേശനം സംബന്ധിച്ച് എംഎസ്എം കോളജ് മാനേജ്‌മെന്റിനോട് സര്‍വകലാശാല വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഒരു മുതിര്‍ന്ന  സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ശിപാര്‍ശയിലാണ് നിഖിലിന് പ്രവേശനം നല്‍കിയതെന്ന് നേരത്തേ കോളജ് മാനേജ്‌മെന്റ് വെളിപ്പെടുത്തിയിട്ടുണ്ട്.

നിഖിലിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വലയുന്നതിനിടെയാണ് കോളജ് മാനേജര്‍ക്കും ഭാര്യയ്ക്കുമെതിരേ വ്യാജരേഖ ചമച്ച് സ്‌കൂളും സ്വത്തുക്കളും തട്ടിയെന്ന പരാതി സഹോദരി പുത്രി തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ നഗര്‍ ഡി 12 ല്‍ റസിയ ഹക്കിം ഡിജിപിക്ക് പരാതി നല്‍കിയത്. ഇ-മെയില്‍ വഴി ലഭിച്ച പരാതി അടിയന്തര അന്വേഷണത്തിന് കൈമാറിയെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചിട്ടുണ്ട്.

കായംകുളം എംഎസ്എം കോളജ് മാനേര്‍ ഹിലാല്‍ ബാബു തന്നെയാണ് എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും മാനേജര്‍. കുടുംബാംഗങ്ങളുടെ പേരില്‍ വ്യാജരേഖ ചമച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് സ്ഥാനം കൈക്കലാക്കിയതായും കോഴ വാങ്ങി വ്യാജസര്‍ട്ടിഫിക്കറ്റുകാര്‍ക്കു പോലും എംഎസ്എം ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുന്നുവെന്നും റസിയ പരാതിയില്‍ ആരോപിക്കുന്നു. നിലവില്‍ റസിയ മസ്‌കറ്റിലാണുള്ളത്. ഇവരുടെ ഉമ്മ ലൈല മുഹമ്മദ് ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ വ്യാജ ഒപ്പും വിരലടയാളവും പതിച്ച് കൃത്രിമ രേഖകള്‍ ഉണ്ടാക്കിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ഭരണം കൈക്കലാക്കിയതെന്നാണ് റസിയയുടെ പരാതി. ഇതിന് ഉപയോഗിച്ച വ്യാജരേഖകള്‍ ഡിപിഐയില്‍ നിന്ന് നശിപ്പിച്ചു കളഞ്ഞതായും പരാതിയില്‍ പറയുന്നു. സ്‌കൂള്‍ നടത്തിപ്പും കുടുംബ സ്വത്തുക്കളും തട്ടിയെടുത്തതിനെതിരേ ഒരു ബന്ധു മാവേലിക്കര സബ്‌കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ച രേഖകള്‍ അപ്രത്യക്ഷമായതായും റസിയ ആക്ഷേപം ഉയര്‍ത്തുന്നു. കായംകുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ മുതല്‍ ഡിജിപിക്ക് വരെയാണ് റസിയ പരാതി അയച്ചത്. ഇതിലാണ് ഡിജിപി നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…