പത്തനംതിട്ട: ഭാഗ ഉടമ്പടി പ്രകാരം ലഭിച്ച കടമുറിക്ക് പോക്കുവരവ് നടത്തി നല്‍കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് നടപ്പിലാക്കാത്ത ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറിക്കെതിരെ കമ്മിഷന്റെ വിമര്‍ശനം. രണ്ടാഴ്ചയ്ക്കകം പോക്കുവരവ് നടത്തി അറിയിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
തിരുവല്ല കിഴക്കനോതറ സ്വദേശിനി രാധാ രാമചന്ദ്രന്റെ പരാതി പരിഹരിക്കാനാണ് ഉത്തരവ്. പരാതിക്കാരിക്ക് ഭാഗ ഉടമ്പടി പ്രകാരം ലഭിച്ച കടമുറിയുടെ പോക്കുവരവ് നടത്തിയില്ലെന്നാണ് പരാതി. ഒരേ കെട്ടിട നമ്പര്‍ രണ്ട് കക്ഷികള്‍ക്ക് ഉള്ളതിനാല്‍ ഭാഗഉടമ്പടിയുടെ തിരുത്താധാരം ഹാജരാക്കുന്ന മുറയ്ക്ക് ജമമാറ്റം നടത്തി നല്‍കാമെന്ന് ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. തുടര്‍ന്ന് നഗരസഭാ സെക്രട്ടറിയെ കമ്മിഷന്‍ സിറ്റിങില്‍ വിളിച്ചു വരുത്തി. പരാതിക്കാരി സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ ജമമാറ്റം നടത്തി നല്‍കാമെന്ന് സെക്രട്ടറി കമ്മിഷനെ അറിയിച്ചു.
എന്നാല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടും ജമമാറ്റം നടത്തി നല്‍കിയില്ല. കമ്മിഷനില്‍ നല്‍കിയ ഉറപ്പില്‍ നിന്നും സെക്രട്ടറി മനപൂര്‍വം പിന്‍വാങ്ങുകയാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചക്കകം നടപടിയെടുക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടത്.