മുന്‍ സെക്രട്ടറിക്ക് വഴിവിട്ട സഹായം ചെയ്യുന്നു:മൈലപ്ര സഹകരണ സംഘത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ നീക്കി

0 second read
Comments Off on മുന്‍ സെക്രട്ടറിക്ക് വഴിവിട്ട സഹായം ചെയ്യുന്നു:മൈലപ്ര സഹകരണ സംഘത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ നീക്കി
0

പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ സംഘത്തില്‍ നിലവിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ നീക്കി താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ചുമതല നല്‍കി. കോഴഞ്ചേരി അസി. രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാറുടേതാണ് നടപടി. കോഴഞ്ചേരി അസി. രജിസ്ട്രാര്‍ ഓഫീസിലെ വള്ളിക്കോട് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ക്കാണ് താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല. മുന്‍ സെക്രട്ടറിമാരും ഭരണസമിതിയും നടത്തിയ സാമ്പത്തിക ക്രമക്കേടും വായ്പാ തട്ടിപ്പും കാരണം പ്രതിസന്ധിയിലായിരുന്നു മൈലപ്ര സഹകരണ സംഘം. സംഘത്തിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ സെക്രട്ടറി ജോഷ്വാമാത്യുവിനെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമേ മൂന്നു കേസുകള്‍ മുന്‍ ഭരണ സമിതിക്കും സെക്രട്ടറിക്കുമെതിരേ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍സെക്രട്ടറിയെ വഴി വിട്ട് സഹായിക്കുകയും ബാങ്കിനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്ന് കാട്ടിയാണ് നിലവിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ നീക്കിയിരിക്കുന്നത്.

മുന്‍ സെക്രട്ടറിമാരും സാമ്പത്തിക ക്രമക്കേടില്‍ പങ്കാളികളുമായിട്ടുള്ള ജോഷ്വ മാത്യു, ഷാജി ജോര്‍ജ് എന്നിവര്‍ക്ക് സഹായകരമായ നടപടി സ്വീകരിച്ചു, സംഘത്തിലെ യന്ത്രസാമഗ്രികള്‍, വാഹനങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ല, കോടതിയില്‍ നല്‍കിയിട്ടുള്ള ഉറപ്പ് പാലിച്ചില്ല എന്നിങ്ങനെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് കോഴഞ്ചേരി അസി. രജിസ്ട്രാര്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18 നാണ്. മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്കായിരുന്നു ചുമതല. ഇക്കഴിഞ്ഞ മേയ് 17 ന് ഈ കമ്മറ്റിയുടെ കാലാവധി അവസാനിക്കുകയും പുതിയ കമ്മറ്റിക്ക് ഭരണച്ചുമതല നല്‍കുകയും ചെയ്തു. ബാങ്കിന്റെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു, നിലവില്‍ സസ്‌പെന്‍ഷനിലുള്ള സെക്രട്ടറി ഷാജി ജോര്‍ജ് എന്നിവര്‍ ബാങ്കില്‍ നടന്ന വിവിധ ക്രമക്കേടുകളില്‍ പങ്കാളികളാണെന്ന് അന്വേഷണ റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കെതിരേ ബാങ്കിന്റെ ഭാഗത്ത് നിന്ന് ഗാര്‍ഹികാന്വേഷണമോ മറ്റ് നടപടികളോ സ്വീകരിച്ചിട്ടില്ല.

സര്‍വീസില്‍ നിന്ന് വിരമിച്ച ജോഷ്വാ മാത്യു തനിക്കെതിരേ സസ്‌പെന്‍ഷനോ മറ്റ് അച്ചടക്ക നടപടികളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വിവിധ നീതിന്യായ സംവിധാനങ്ങളെ സമീപിച്ചു. ഇതില്‍ മനുഷ്യാവകാശ കമ്മിഷന്‍ അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് സഹായകരമാം വിധം വിവിധ നീതിന്യായ സംവിധാനങ്ങള്‍ മുന്‍പാകെ യഥാര്‍ഥ വസ്തുത വ്യക്തമാക്കാതെ കുറ്റവാളികള്‍ക്ക് അനുകൂലമായി ഉത്തരവ് ഉണ്ടാകുന്ന വിധത്തിലുള്ള നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കോഴഞ്ചേരി അസി. രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലുണ്ട്. ബാങ്കിന്റെ ഫാക്ടറി ഉള്‍പ്പെടെ യന്ത്രസാമഗ്രികളും ഒട്ടേറെ വാഹനങ്ങളും നശിച്ചു പോകുന്ന നിലയായിട്ടും ഇവ സംരക്ഷിക്കുന്നതിന് മതിയായ ഫണ്ട് ലഭ്യമായിട്ടും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനോ യാതൊരു നടപടിയും നിലവിലുള്ള കമ്മറ്റി സ്വീകരിച്ചിട്ടില്ല. സംഘത്തിലെ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കുമെന്ന ഹൈക്കോടതിക്ക് സത്യവാങ്മൂലം നല്‍കിയത് പാലിച്ചില്ല. തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ ബോധപൂര്‍വമായി ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടലുണ്ടായിട്ടില്ലെങ്കില്‍ നൂറുകണക്കിന് നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ബാങ്ക് തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ നിലവിലെ കമ്മറ്റി വിമുഖത കാണിക്കുന്നു. മോണിട്ടറിങ് കമ്മറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാതെ ബാങ്കില്‍ നിന്നും നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥനെ തന്നെ താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചിട്ടുള്ളത്. ആറു മാസത്തിനുള്ളില്‍ താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കോന്നി ആനക്കൂട്ടില്‍ നാലുവയസുകാരന്‍ മരിച്ചത് വീഴ്ചയിലെ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവത്താല്‍: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന്‍ കോണ്‍ക്രീറ്റ് തൂണ്‍ വീണ് മരിച്ചത് ആന്തരി…