മദ്യപിക്കാന്‍ വീട്ടില്‍ വന്നപ്പോള്‍ പണം മോഷ്ടിച്ചുവെന്ന് സംശയം: നിരവധി മോഷണക്കേസിലെ പ്രതിയെ തല്ലിക്കൊന്ന് റോഡരികിലിട്ടു: പ്രതിയെ അറസ്റ്റ് ചെയ്ത് അടൂര്‍ പോലീസ്

0 second read
Comments Off on മദ്യപിക്കാന്‍ വീട്ടില്‍ വന്നപ്പോള്‍ പണം മോഷ്ടിച്ചുവെന്ന് സംശയം: നിരവധി മോഷണക്കേസിലെ പ്രതിയെ തല്ലിക്കൊന്ന് റോഡരികിലിട്ടു: പ്രതിയെ അറസ്റ്റ് ചെയ്ത് അടൂര്‍ പോലീസ്
0

അടൂര്‍: ഒപ്പം മദ്യപിക്കാനെത്തി വീട്ടിലിരുന്ന 12,000 രൂപയോളം മോഷ്ടിച്ചുവെന്ന സംശയത്തില്‍ നിരവധി മോഷണക്കേസിലെ പ്രതിയെ സുഹൃത്ത് അടിച്ചു കൊന്ന് വഴിയില്‍ ഉപേക്ഷിച്ചു. സാഹചര്യത്തെളിവുകള്‍ പിന്തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടനെ (60) കൊലപ്പെടുത്തിയ കേസില്‍ ഒഴുകുപാറ, കൊടന്തൂര്‍ കിഴക്കേക്കര വീട്ടില്‍ തങ്കപ്പന്റെ മകന്‍ സുനില്‍ കുമാറി(42) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തേപ്പുപാറ ഒഴുകുപാറ ഇസ്മായില്‍ പടിക്കു സമീപമാണ് മര്‍ദനമേറ്റ് മരിച്ച നിലയില്‍ മണിക്കുട്ടനെ കണ്ടെത്തിയത്. ശരീരമാസകലം അടിയേറ്റ് പാടുകള്‍ ഉണ്ടായിരുന്നു. ഇയാളെ അവസാനം സുനിലിനൊപ്പമാണ് കണ്ടതെന്ന മൊഴിയാണ് നിര്‍ണായകമായത്.

പോലീസ് സംഘം നാട്ടുകാരോടും പ്രദേശവാസികളോടും അന്വേഷിച്ചപ്പോഴാണ് വ്യാഴാഴ്ച രാത്രി 11 മണിയോട് കൂടി സുനില്‍ കുമാറിനൊപ്പം മണിക്കുട്ടന്‍ പോകുന്നത് കണ്ടതായി വിവരം ലഭിച്ചത്. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മോഷണവും മറ്റുമായി നടന്നിരുന്ന മണിക്കുട്ടന്‍ കടവരാന്തകളിലും മറ്റുമായിരുന്നു കിടന്നുറങ്ങിയിരുന്നത്. അടുത്ത കാലത്ത് അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതേയുള്ളായിരുന്നു. കല്ലേത്ത് കിഴക്കേതില്‍ ഷെരീഫിന്റെ വീട്ടില്‍ തല്‍ക്കാലം താമസിച്ചു വരികയായിരുന്നു. മണിക്കുട്ടനും സുനിലും സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരുമിച്ച് മദ്യപിക്കുന്ന പതിവുണ്ടായിരുന്നു. ഫെബ്രുവരി ആദ്യ ആഴ്ച സുനിലിന്റെ വീട്ടില്‍ മദ്യപിക്കുന്നതിനായി എത്തിയ മണി അവിടെ നിന്ന് 12,000 രൂപ മോഷ്ടിച്ചതായി സുനിലിന് സംശയമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഷെരീഫിന്റെ വീട്ടില്‍ കിടന്ന മണിയെ വിളിച്ചിറക്കി സുനില്‍ അയാളുടെ വീട്ടിലെത്തിക്കുകയും അവിടെവച്ച് പണത്തിന്റെ കാര്യം പറഞ്ഞ് തര്‍ക്കം ഉണ്ടാവുകയും ചെയ്തു. സുനില്‍ മണിയെ മര്‍ദ്ദിക്കുകയും താഴെയിട്ട് ചവിട്ടുകയും ചെയ്തതില്‍ മരണം സംഭവിച്ചു. തുടര്‍ന്ന് മൃതശരീരം സുനില്‍ വീട്ടില്‍ നിന്നും പുറത്തെത്തിച്ച് വഴിയരികില്‍ ഇടുകയായിരുന്നെന്ന് തെളിഞ്ഞു.

പിന്നീട് സുനില്‍ വീടും മുറികളും കഴുകി വൃത്തിയാക്കിയ ശേഷം മരണവിവരം അറിഞ്ഞെത്തിയ നാട്ടുകാരോടും വാര്‍ഡ് മെമ്പറോടും ഒന്നും അറിയാത്ത രീതിയില്‍ പെരുമാറുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് സംഘത്തിനോട് സുനില്‍ പരസ്പര വിരുദ്ധമായ മറുപടി നല്‍കി. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ജില്ലാ പോലീസ് ഫോറന്‍സിക് വിഭാഗം, സയന്റിഫിക് വിഭാഗം, പോലീസ് ഫോട്ടോഗ്രാഫര്‍, ഡോഗ് സ്‌ക്വാഡ് എന്നീ സംഘങ്ങള്‍ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. മണി പണം മോഷ്ടിച്ചെന്ന സംശയമാണ് തര്‍ക്കത്തിലേക്കും മര്‍ദ്ദനത്തിലേക്കും വഴി തെളിച്ചത്. നേരത്തേ ജയില്‍ വാസം അനുഭവിച്ചിട്ടുള്ള പ്രതി ഒറ്റക്കാണ് താമസം.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ മര്‍ദ്ദനം മൂലം ശരീരത്തില്‍ വാരിയെല്ലുകള്‍ ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തതാണ് മരണകാരണമെന്ന് തെളിഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലീസ് സംഘത്തിന് അടിക്കാനുപയോഗിച്ച വടിയും മണിയുടെ മാലകള്‍ ഒളിപ്പിച്ചു വച്ചതും കാട്ടിക്കൊടുത്തു.

ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ മേല്‍ നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ എം. മനീഷ്, ജലാലുദ്ദീന്‍ റാവുത്തര്‍, സുരേഷ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജിത്ത്, അനീഷ്.റ്റി.എസ് , സൂരജ്.ആര്‍.കുറുപ്പ്, റോബി ഐസക്, അരുണ്‍ ലാല്‍, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …