
അടൂർ: പോലീസ് സ്റ്റേഷനിലെ കാപ്പ പ്രതിയായ അടൂർ പറക്കോട് ഇജാസ് മൻസിൽ ഇജാസ് റഷീദ് (26)നെതിരെ കാപ്പ നിയമത്തിലെ വകുപ്പ് 6(1)(b)(3) 19 പ്രകാരം പോലീസ് കേസെടുത്തു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർക്ക് കാപ്പ നിയമം വകുപ്പ് 3 പ്രകാരം ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2024 ഓഗസ്റ്റ് ഒന്നിന് പുറപ്പെടുവിപ്പിക്കപ്പെട്ട തടങ്കൽ ഉത്തരവ് നടപ്പിലാക്കാൻ കഴിയാത്ത വിധം പ്രതി ഒളിവിൽ കഴിയുകയാണ്. ഇതിനെതുടർന്ന് ജില്ലാ കളക്ടർ 2024 ഒക്ടോബർ 9 ന് കാപ്പ നിയമത്തിലെ 6(1)(a)(b) വകുപ്പുകൾ പ്രകാരം വിളംബര ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും, ഇത് അന്നുതന്നെ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഈ ഉത്തരവ് പോലീസ് പ്രതിയുടെ വീട്ടിൽ പതിച്ചു നടത്തിയിരുന്നു. പിന്നീട് ഇതിന്റെ കാലാവധി കഴിഞ്ഞിട്ടും നിശ്ചിത കാലാവധിക്കകം പ്രതി പോലീസിൽ ഹാജരാവുകയോ, ഹാജരാകാൻ സാധിക്കാത്തിന് വിശദീകരണം നൽകുകയോ ചെയ്തില്ല.
ഉത്തരവിന്റെ കാലയളവിനുള്ളിൽ ഇതിന് വിധേയമാകാതെ ഒളിവിൽ കഴിയുന്നതിനാൽ ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പ്രതിയാക്കി അടൂർ പോലീസ് 6(1)(b)(3) 19 എന്നീ വകുപ്പുകൾ അനുസരിച്ച് ഇന്നലെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ ശ്യാം മുരളിയാണ് കേസെടുത്തത്. യുവാവിനെതിരെ അടൂർ പോലീസ് സ്റ്റേഷനിൽ ഇതുവരെ 12 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇതിൽ 9 എണ്ണമാണ് ഉത്തരവിനായി ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. അടൂർ, പന്തളം പോലീസ് സ്റ്റേഷനുകളിലാണ് ഇയാൾക്ക് കേസുകൾ നിലവിലുള്ളത്.
2022 ൽ 6 മാസത്തേക്ക് കരുതൽ തടങ്കലിൽ ഇയാളെ പാർപ്പിച്ചിരുന്നു.. അതുകഴഞ്ഞിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽപ്പെട്ടു. കഞ്ചാവ് കൈവശം വച്ചതിനും, എക്സൈസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ചതിനുമെടുത്ത കേസുകളും ഉൾപ്പെടുന്നു. അടിപിടി, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, സർക്കാർ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തൽ, കുറ്റകരമായ നരഹത്യാ ശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ അറിയപ്പെടുന്ന റൗഡിലിസ്റ്റിൽ പെടുന്നയാളുമാണ്. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പ്രതിക്കായി അന്വേഷണം നടന്നുവരുന്നു.