
പത്തനംതിട്ട: ഭര്‍ത്താവിനെ കൊന്ന് കുഴിച്ചു മൂടിയെന്ന് പോലീസിനോട് ‘കുറ്റസമ്മതം’ നടത്തിയ നൂറനാട് പണയില്‍ സ്വദേശി അഫ്‌സാനയ്ക്ക് (24) കോടതി ജാമ്യം അനുവദിച്ചു. അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയ അഫ്‌സാനയ്ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ വകുപ്പുകള്‍ പിന്‍വലിച്ചതോടെയാണ് ജാമ്യം അനുവദിച്ചത്. പോലീസിനെ വഴി തെറ്റിച്ചുവെന്ന വകുപ്പൊഴികെ മറ്റെല്ലാം പിന്‍വലിച്ചു. അഫ്‌സാന കൊലപ്പെടുത്തിയെന്ന് പറഞ്ഞ ഭര്‍ത്താവ് നൗഷാദിനെ വെള്ളിയാഴ്ച തൊടുപുഴയില്‍ നിന്ന് കണ്ടെത്തിയതോടെയാണ് രണ്ടു ദിവസത്തോളം നീണ്ടു നിന്ന കൊലപാതക ‘നാടകത്തിന്’ അന്ത്യമായത്.
നൗഷാദ് ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം കലഞ്ഞൂര്‍ പാടത്തെ വീട്ടിലാണുള്ളത്. തിരോധാന പരാതിയില്‍ കോടതിയില്‍ ഹാജരാക്കിയ നൗഷാദിനെ വിട്ടയച്ചിരുന്നു. തൊടുപുഴയിലെ ജോലി സ്ഥലത്തേക്ക് മടങ്ങാനാണ് താല്‍പര്യമെന്ന് നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു കുട്ടികളാണ് നൗഷാദ്-അഫ്‌സാന ദമ്പതികള്‍ക്കുള്ളത്. ഇവര്‍ അഫ്‌സാനയുടെ വീട്ടിലാണ് ഉള്ളത്. ഇവരെ കൂടല്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാണാനാണ് താല്‍പര്യമെന്ന് നൗഷാദ് പറയുന്നു. അഫ്‌സാനയുടെ വീട്ടിലേക്ക് പോകുന്നില്ല. അവിടെ നിന്നുള്ള പ്രതികരണം എന്താണെന്നും അറിയില്ല. നാട്ടില്‍ നില്‍ക്കാന്‍ താല്‍പര്യമില്ല. തൊടുപുഴയിലെ ജോലി സ്ഥലത്തേക്ക് മടങ്ങും. അഫ്‌സാനയുടെ മര്‍ദനമേറ്റ് ബോധം പോയിരുന്നു. വീണ്ടും ആക്രമിക്കപ്പെടുമെന്ന് ഭയന്നാണ് വീടു വിട്ടത്. രണ്ടുദിവസം അടൂരില്‍ കറങ്ങി നടന്നതിന് ശേഷമാണ് തൊടുപുഴയിലേക്ക് പോയതെന്നും നൗഷാദ് പറഞ്ഞു.
മകന്‍ മരിച്ചിട്ടില്ല എന്ന കാര്യം ഉറപ്പായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. അഫ്‌സാനയെ ഭയന്നാണ് നാടുവിട്ടതെന്ന് തോന്നിയിരുന്നുവെന്നും അവര്‍ പറയുന്നു.