
ഉദുമലൈ (തമിഴ്‌നാട്): മുല്ലപ്പെരിയാറിന് പിന്നാലെ കേരളത്തോട് കൊമ്പു
കോര്‍ക്കാനൊരുങ്ങി തമിഴ്‌നാട്ടിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍. ദേവികുളം താലൂക്കിലെ വട്ടവട ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന പെറുഗുഡയില്‍ ചിലന്തിയാറിന് കുറുകെ കേരളം ചെക്ക് ഡാം നിര്‍മ്മിക്കുന്നതിനെ ചൊല്ലിയാണ് ഈ തവണ രംഗത്ത് എത്തിയതെന്നു മാത്രം. മൂന്നാറിന്റെ പടിഞ്ഞാറന്‍ ചരിവുകളില്‍ നിന്ന് ഉത്ഭവിച്ച്
ഉദുമലൈയ്ക്ക് സമീപമുള്ള അമരാവതി അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന പോഷകനദിയായ തേനാറിന്റെ ഭാഗമാണ് ചിലന്തിയാറിലെ വെള്ളം.
കേരളം ചെക്ക് ഡാം നിര്‍മിച്ചാല്‍ അമരാവതി അണക്കെട്ടിലേക്ക് വരുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നും ഡാമിനെ ആശ്രയിക്കുന്ന കര്‍ഷകര്‍ക്ക് നാശനഷ്ടമുണ്ടാകുമെന്നുമാണ് പ്രചാരണം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനങ്ങളില്‍ ഉത്ഭവിക്കുന്ന നദികളിലെ ജലമാണ് അമരാവതി അണക്കെട്ടില്‍ തടഞ്ഞു നിര്‍ത്തി തിരുപ്പൂര്‍, കരൂര്‍ ജില്ലകളില്‍ 54,637 ഏക്കര്‍ സ്ഥലത്ത് കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നത്. ചെക്ക് ഡാം നിര്‍മ്മിക്കുന്നതോടെ അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തടയാന്‍ കഴിയും. അതോടെ കൃഷി ഭൂമികള്‍ മരുഭൂമിയായി മാറുമെന്നാണ് ആരോപണം. തമിഴ്‌നാട് സര്‍ക്കാര്‍ കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഇപ്പോള്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീക്കം ചെയ്യാനും നടപടി സ്വീകരിക്കണം.അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം.
തമിഴ്‌നാട് ജലവിഭവ വകുപ്പ് സന്ദര്‍ശനം നടത്തി
കേരളം ചെക്ക് ഡാം നിര്‍മ്മിക്കുന്ന സ്ഥലം തമിഴ്‌നാട് ജലവിഭവ വകുപ്പ് (ഡബ്ല്യുആര്‍ഡി) ഉദ്യോഗസ്ഥരുടെ സംഘം സന്ദര്‍ശിച്ചു.നദിക്ക് കുറുകെ കേരളം ചെക്ക് ഡാം നിര്‍മിക്കുകയാണെന്ന് ഡബ്ല്യുആര്‍ഡി അധികൃതര്‍ സ്ഥിരീകരിച്ചു.ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.ചെക്ക് ഡാമിന് 40 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ ഉയരവുമുണ്ടെന്നാണ് ഡബ്ല്യുആര്‍ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.അതെ സമയം
ഡിഎംകെ സര്‍ക്കാര്‍ കേരളത്തിന്റെ നീക്കത്തോട് മൗനം പാലിക്കുകയാണെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി വിമര്‍ശിച്ചു. തമിഴ്‌നാട് ഒന്നിലധികം ജല തര്‍ക്കങ്ങള്‍ നേരിടുന്നതിനാല്‍ മറ്റൊന്ന് തടയേണ്ടത് അനിവാര്യമാണെന്നും പളനി സ്വാമി പറഞ്ഞു. അതിനിടെ തിരുപ്പൂരിലെ കര്‍ഷകര്‍ അണക്കെട്ടിനെതിരെ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.ചെക്ക് ഡാം കുടിവെള്ളത്തിന് വേണ്ടിയുള്ളതാണെന്ന് കേരളം പറയുന്നുണ്ടെങ്കിലും കുപ്പിവെള്ള കമ്പനിക്ക് വേണ്ടിയാണ് നിര്‍മ്മാണമെന്നാണ് ആരോപണം.