അടൂര്‍: ആറന്മുളയ്ക്ക് പിന്നാലെ അടൂര്‍ പൊലീസ് സ്‌റ്റേഷനിലും മുത്തൂറ്റ് ഫിനാന്‍സിനെതിരേ പരാതി. സ്ഥിര നിക്ഷേപം മടക്കി നല്‍കാതെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് പന്നിവിഴ അന്‍സു ഭവനില്‍ അച്ചന്‍കുഞ്ഞാണ് പരാതി നല്‍കിയിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന് എസ്.എച്ച്.ഒ അറിയിച്ചു.
മുത്തുറ്റ് ഫിനാന്‍സ് അടൂര്‍ ശാഖയില്‍ അച്ചന്‍കുഞ്ഞിന്റെ ഭാര്യ സൂസന്റെ പേരില്‍ 2018 ഫെബ്രുവരി 23 ന് ആറു ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തി. അഞ്ചു വര്‍ഷത്തേക്കായിരുന്നു നിക്ഷേപം. ആ സമയത്ത് ശ്രീ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് ലിമിറ്റഡ് എന്ന പേരിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നതെന്ന് അച്ചന്‍കുഞ്ഞിന്റെ പരാതിയില്‍ പറയുന്നു. കാലാവധി പൂര്‍ത്തിയായി കഴിഞ്ഞ് പണം തിരികെ ആവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ എത്തിയപ്പോള്‍ നല്‍കാതെ കബളിപ്പിച്ചുവെന്നാണ് പരാതി.
ജില്ലയില്‍ മുത്തൂറ്റ് ഫിനാന്‍സിനെതിരേ ആദ്യ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും ആറന്മുള പൊലീസ് സ്‌റ്റേഷനില്‍ ആയിരുന്നു.
നിക്ഷേപിച്ച പണം തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖാ മാനേജര്‍ക്കെതിരേയാണ് ആറന്മുള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തടിയൂര്‍ പനക്കല്‍ തടം മാവുങ്കല്‍ പുത്തന്‍പുരയില്‍ വിമല്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് മുത്തൂറ്റ് ഫിനാന്‍സ് ആറാട്ടുപുഴ ശാഖാ മാനേജര്‍ ശ്രീകലയ്ക്കെതിരേ കേസ് എടുത്തത്.
18 വര്‍ഷം ഗള്‍ഫില്‍ ജോലി നോക്കി മടങ്ങിയെത്തിയ വിമല്‍ കുമാര്‍ 2018 മാര്‍ച്ച് 16 നാണ് ആറാട്ടുപുഴ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ 25 ലക്ഷം രൂപ നിക്ഷേപിച്ചത്. കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചര്‍ സര്‍ട്ടിഫിക്കറ്റാണ് (എന്‍സിബി) ഇതിന് നല്‍കിയത്. ഇതാകട്ടെ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീ (എസ്ആര്‍ഇഐ) ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്റേതാണ്. വിമല്‍ കുമാര്‍ നടത്തിയ അന്വേഷണത്തില്‍ ഈ കമ്പനിയുടെ ലൈസന്‍സ് 2020 ഒക്ടോബര്‍ മാസത്തില്‍ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലാത്തതിന്റെ പേരില്‍ റിസര്‍വ് ബാങ്ക് റദ്ദാക്കിയിട്ടുള്ളതായി അറിയാനും കഴിഞ്ഞു.
തുടര്‍ന്ന് വിമല്‍ കുമാര്‍ ശാഖാ മാനേജര്‍ ശ്രീലതയെ സമിപിച്ച് പണം തിരികെ ആവശ്യപ്പെട്ടു. ലഭിക്കാതെ വന്നപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാനും മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് ഡയറക്ടര്‍മാരുമായും നേരില്‍ സംസാരിച്ചുവെന്ന് വിമല്‍ കുമാറിന്റെ മൊഴിയില്‍ പറയുന്നു. അവര്‍ പണം തിരികെ നല്‍കാമെന്ന് വാക്കാല്‍ പറഞ്ഞുവത്രേ. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുണ്ട് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചതിനാലാണ് പണം അവിടെ നിക്ഷേപിച്ചത്. എന്നാല്‍, പണം ആവശ്യപ്പെട്ടിട്ട് തിരികെ കിട്ടാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. മുത്തൂറ്റ് ബാങ്ക് ശാഖയിലെ ജീവനക്കാരുടെയും മാനേജര്‍മാരുടെയും പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയാണ് പലരും പണം നിക്ഷേപിച്ചത്.