
പത്തനംതിട്ട: ഒരുകാലത്ത് ജില്ലയുടെ കാര്‍ഷിക ഗ്രാമമായിരുന്ന തട്ട ഉള്‍പ്പെടുന്ന
പന്തളം തെക്കേക്കര കൃഷിയിലേക്കു മടക്കികൊണ്ടുവരാന്‍ അഹോരാത്രം പണിയെടുത്ത ഉദ്യോഗസ്ഥരെത്തേടി ഇക്കൊല്ലത്തെ പുരസ്‌കാരങ്ങളെത്തി. മികച്ച കൃഷി ഓഫീസര്‍ക്കും അസിസ്റ്റന്റിനുമുള്ള പുരസ്‌കാരങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് പന്തളം കൃഷി ഓഫീസര്‍ സി. ലാലി, എന്‍.ജിജി എന്നിവരാണ്. ലാലി നിലവില്‍ പന്തളം തെക്കേക്കരയില്‍ കൃഷി ഓഫീസറായി പ്രവര്‍ത്തിക്കുകയാണ്. ജിജി റാന്നി പെരുനാട്ടിലേക്ക് അടുത്തയിടെ സ്ഥലംമാറി.
പന്തളം തെക്കേക്കര തരിശു രഹിതമാക്കാനും ഇവിടെ വിപ്ലവാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഇരുവര്‍ക്കും കഴിഞ്ഞു. സംസ്ഥാന തലത്തില്‍ തന്നെ പന്തള തെക്കേക്കരയിലെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. കാട്ടുപന്നിയുടെ ശല്യവും മറ്റു പ്രതിസന്ധികളും കാരണം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു തന്നെ പോകുന്ന ഘട്ടത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഒരു ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തിക്കൊണ്ടായിരുന്നു തുടക്കം. സമ്മിശ്ര കൃഷിയാണ് ഇവിടെ പരീക്ഷിച്ചത്. പുതിയ ഇനം വാഴവിത്തുകളും കിഴങ്ങുവര്‍ഗങ്ങളുമൊക്കെ കൃഷി ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ കൂടി സഹകരണത്തിലാണ് പദ്ധതി ഏറ്റെടുത്തത്.
കഴിഞ്ഞ ചിങ്ങം ഒന്നിന് 2000 പുതിയ അടുക്കളത്തോട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചതാണ് മറ്റൊരു പദ്ധതി. രാവിലെ ഏഴ് മുതല്‍ ഒന്‍പതു വരെയുള്ള സമയത്താണ് 2000 വീടുകളില്‍ പദ്ധതിക്ക് തുടക്കമിട്ടത്. അഞ്ച് സെന്റിലാണ് കൃഷിയ്ക്കുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കിയത്.
പന്തളം തെക്കേക്കരയില്‍ കൃഷി ചെയ്യുന്ന ഉത്പന്നങ്ങള്‍ മൂല്യവര്‍ധിതമാക്കി മാറ്റാനും ഇവയെ ബ്രാന്‍ഡ് ചെയ്തു വിപണിയിലെത്തിക്കാനും കഴിഞ്ഞു. പൂക്കളുടെ കൃഷിവരെ വിജയകരമായി നടത്തി. വിഷുവിന് കണിക്കിറ്റ് തയാറാക്കാനുള്ള പച്ചക്കറികള്‍ വിളയിച്ചു. മഞ്ഞള്‍ കൃഷിയിലൂടെ കയറ്റുമതി സാധ്യത വര്‍ധിപ്പിച്ചു. കര്‍ഷകരെ പരമാവധി പ്രോത്സാഹിപ്പിച്ച് 64 ഹെക്ടര്‍ തരിശുരഹിതമാക്കി. പന്തളം തെക്കേക്കരയിലെത്തുമ്പോള്‍ ഏറെ വെല്ലുവിളികളുണ്ടായിരുന്നുവെന്ന് ലാലി പറയുന്നു. കര്‍ഷകരുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് പിന്നീടു നീങ്ങിയത്. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും കൃഷി ഓഫീസര്‍ പറഞ്ഞു. കൊട്ടാരക്കര ചോണാട്ടു വടക്കേതില്‍ ഗോവിന്ദം വീട്ടില്‍ അജയകുമാറിന്റെ ഭാര്യയാണ് ലാലി.
കൃഷി അസിസ്റ്റന്റ് ജിജി ആലപ്പുഴ ആദിക്കാട്ടുകുളങ്ങര മഠത്തില്‍ വീട്ടില്‍ അംഗമാണ്. സ്വന്തമായി നാല് ഏക്കറില്‍ കൃഷി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഭാര്യ: അഫില. മക്കള്‍: നിഹാല്‍, നവീദ്. നേരത്തെ പാലമേല്‍ കൃഷിഭവനില്‍ ജോലി നോക്കുമ്പോള്‍ മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു.