എഐ ക്യാമറയുടെ ‘ഫ്യൂസ് ഊരി’ കെഎസ്ഇബി

0 second read
Comments Off on എഐ ക്യാമറയുടെ ‘ഫ്യൂസ് ഊരി’ കെഎസ്ഇബി
0

കല്‍പറ്റ : ‘ടച്ച് വെട്ടാന്‍’ തോട്ടിയുമായി പോയ ജീപ്പിന് പിഴ നോട്ടിസ് അയച്ച എഐ ക്യാമറ കണ്‍ട്രോള്‍ റൂമിന്റെ ഫ്യൂസ് ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് കെഎസ്ഇബി ഊരി. കല്‍പറ്റ കൈനാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂം കെട്ടിടത്തിലേക്കുള്ള വൈദ്യുതിയാണു കഴിഞ്ഞദിവസം ഉച്ചയോടെ കെഎസ്ഇബി വിഛേദിച്ചത്. തുടര്‍ന്ന്, ഒന്നര ദിവസത്തോളം വയനാട്ടിലെ 25 എഐ ക്യാമറകളുടെ നിരീക്ഷണം കൃത്യമായി നടന്നില്ല. വകുപ്പ് അധികൃതര്‍ ഇടപെട്ട് ഇന്നലെ രാവിലെ 14,111 രൂപ കുടിശിക അടച്ചശേഷം വൈകിട്ടോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

ഈ മാസം 6നാണ് അമ്പലവയല്‍ കെഎസ്ഇബിയുടെ ജീപ്പിന് മോട്ടര്‍ വാഹനവകുപ്പ് 20,500 രൂപ പിഴയിട്ടത്. 17ന് കെഎസ്ഇബിക്ക് നോട്ടിസും ലഭിച്ചു. വൈദ്യുത ലൈനിനോടു ചേര്‍ന്ന മരക്കൊമ്പുകള്‍ നീക്കാനുള്ള ഉപകരണങ്ങളുമായി പോയ ജീപ്പിന്റെ മുകളില്‍ തോട്ടി കെട്ടിവച്ചതിന് 20,000 രൂപയും ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപയുമായിരുന്നു പിഴ. പിന്നീട് കെഎസ്ഇബി അധികൃതര്‍ ഇടപെട്ടപ്പോള്‍ 20,000 രൂപയുടെ പിഴ ഒഴിവാക്കി. എന്നാല്‍, സീറ്റ് ബെല്‍റ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്‌ക്കേണ്ടി വന്നു.

കെഎസ്ഇബിക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന ജീപ്പിന്റെ ഉടമയ്ക്കാണ് ജീപ്പിന്റെ ഫോട്ടോ പതിച്ച നോട്ടിസ് വന്നത്. കാലങ്ങളായി ഇതേ പോലെ ഓടുന്ന വണ്ടിക്ക് പിഴ ഈടാക്കിയതില്‍ കെഎസ്ഇബി ജീവനക്കാര്‍ക്കിടയില്‍ വന്‍ പ്രതിഷേധമുണ്ടായെങ്കിലും പിന്നീട് ഒത്തുതീര്‍പ്പാക്കി. കല്‍പറ്റ ചീഫ് എന്‍ജിനീയര്‍ ഓഫിസിനു കീഴിലെ ലൈന്‍മാന്‍ കഴിഞ്ഞദിവസം ഫ്യൂസ് ഊരിയതോടെയാണ് വീണ്ടും വിവാദമായത്. കെഎസ്ഇബി അവരുടെ ഡ്യൂട്ടിയാണു ചെയ്തതെന്നും എഐ ക്യാമറകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടില്ലെന്നും പരാതിയില്ലെന്നും മോട്ടര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു

ജീവനക്കാര്‍ നിയമപരമായാണു പ്രവര്‍ത്തിച്ചതെങ്കിലും നടപടിക്രമങ്ങളില്‍ ഔചിത്യക്കുറവുണ്ടായെന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. വകുപ്പുകള്‍ തമ്മില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യേണ്ടിയിരുന്ന പിഴയീടാക്കല്‍, ഫ്യൂസ് ഊരല്‍ നടപടികള്‍ ഇരു വകുപ്പുകളിലെയും ഒരുവിഭാഗം ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന് വഷളായെന്നാണ് ഉന്നതോദ്യോഗസ്ഥരുടെ നിലപാട്.

 

Load More Related Articles
Load More By Editor
Load More In KERALAM
Comments are closed.

Check Also

പി.ഡബ്ല്യു.എ.എഫ്. വൈസ്മെന്‍ ക്ലബ് ഓഫ് കടമ്പനാട് റീജിയണല്‍ ഡയറക്ടര്‍ സന്ദര്‍ശനം

കടമ്പനാട് :പി.ഡബ്ല്യു.എ.എഫ് വൈസ്‌മെന്‍ ക്ലബ് ഓഫ് കടമ്പനാടിന്റെ 2024 – 2025 വര്‍ഷത്തെ…