പന്തളം: കുവൈറ്റിലെ അഗ്നിബാധയില്‍ ജീവന്‍ നഷ്ടമായ പന്തളം മുടിയൂര്‍ക്കോണം ഐരാണിക്കുഴി ശോഭാലയത്തില്‍ ആകാശിന് കണ്ണീരോടെ യാത്രാമൊഴി. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കൂടി നിന്നവര്‍ ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞു. ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ വീട്ടില്‍ കൊണ്ടു വന്നു. പന്തളം എസ്.എച്ച്.ഓ പ്രജീഷ് ശശിയുടെ നിയന്ത്രണമുള്ള പോലീസ് സംഘത്തിന്റെ അകമ്പടിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ആകാശിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് ആശുപത്രിയില്‍ നിന്നും വിലാപയാത്രയില്‍ അണിനിരന്നത്. രാവിലെ മുതല്‍ വീട്ടിലെത്തിച്ച മൃതദേഹം കാണുവാന്‍ വന്‍ ജനാവലിയാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.
രാവിലെ 11 മുതല്‍ പൊതുദര്‍ശനം ആരംഭിച്ചതുമുതല്‍ ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മന്ത്രി സജി ചെറിയാന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, തുടങ്ങി സാമൂഹ്യ, മത, സാംസ്‌കാരിക മേഖലകളിലെ അനവധിപേര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിനുവേണ്ടി അടൂര്‍ ആര്‍ഡിഒ വി. ജയമോഹന്‍ അന്തിമോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ സഹോദരി ശാരിയുടെ മകന്‍ അശ്വിന്‍ ചിതയ്ക്ക് തീകൊളുത്തി.