കസ്റ്റഡി മര്‍ദനക്കേസില്‍ ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന് തടവുശിക്ഷയും പിഴയും

0 second read
Comments Off on കസ്റ്റഡി മര്‍ദനക്കേസില്‍ ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന് തടവുശിക്ഷയും പിഴയും
0

ആലപ്പുഴ: ഡിവൈ.എസ്.പി എം.ആര്‍. മധുബാബുവിനെ കസ്റ്റഡി മര്‍ദനക്കേസില്‍ കോടതി തടവിനും 500 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. ചേര്‍ത്തല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 2006ല്‍ എസ്‌ഐയായിരിക്കെ നടത്തിയ കസ്റ്റഡി മര്‍ദനത്തിനാണ് ഇപ്പോള്‍ ശിക്ഷ ലഭിച്ചിരിക്കുന്നത്. രണ്ട് വകുപ്പുകളിലായി ഒരോ മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ.

2006 ല്‍ ചേര്‍ത്തല എസ്‌ഐ ആയിരിക്കെ സിദ്ധാര്‍ഥ് എന്ന യുവാവിനെയാണ് മധുബാബു മര്‍ദിച്ചത്. വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത സിദ്ധാര്‍ഥിനെ ജീപ്പിനുള്ളില്‍ വച്ച് നഗ്‌നനാക്കി മര്‍ദിച്ചു. സ്‌റ്റേഷനില്‍ എത്തിച്ചും മര്‍ദനം തുടര്‍ന്നു. ജാമ്യത്തില്‍ എടുക്കാന്‍ എത്തിയ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിലിട്ടും മര്‍ദിച്ചു. ചെകിട്ടത്ത് ഏറ്റ അടിയില്‍ സിദ്ധാര്‍ഥിന്റെ കര്‍ണ്ണപുടം പൊട്ടിപ്പോവുകയും ചെയ്തു. സിദ്ധാര്‍ഥ് അടക്കമുളള നാട്ടുകാര്‍ പ്രദേശത്തെ ചകിരി ഫാക്ടറിയില്‍ നിന്നും കായലിലേക്ക് മലിനജലം ഒഴുക്കുന്നതിനെതിരേ സമരം നടത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ചകിരി ഫാക്ടറി മുതലാളിയുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് മര്‍ദനത്തില്‍ കലാശിച്ചത് എന്നാണ് പരാതി.

വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ സിദ്ധാര്‍ഥ് നീതി തേടി കോടതിയെ സമീപിക്കുകയായിരുന്നു. പ്രോസിക്യൂഷന് അനുമതിയില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച് രക്ഷപ്പെടാന്‍ അടക്കമുളള നീക്കങ്ങള്‍ മധുബാബു നടത്തിയിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് സിദ്ധാര്‍ഥ് നീതി നേടിയിരിക്കുന്നത്. സിദ്ധാര്‍ഥിനെ ചികിത്സിച്ച ഡോക്ടമാരടക്കം ഏഴ് സാക്ഷികളെ വിസ്തരിച്ചു. അഡ്വ: ജോണ്‍ ജൂഡ് ഐസക്കാണ് സിദ്ധാര്‍ഥിനായി ഹാജരായത്.

കസ്റ്റഡി മര്‍ദനം അടക്കം നിരവധി കേസുകളില്‍ ഡിവൈ.എസ്.പി മധുബാബു ആരോപണ വിധേയനാണ്. മറ്റൊരു കസ്റ്റഡി മര്‍ദ്ദനക്കേസിലും ആലപ്പുഴ കോടതി ശിക്ഷിച്ചിരുന്നു. വിജലന്‍സ് കേസും നിലവിലുണ്ട്. പത്തനംതിട്ട ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ കരിക്കിനേത്ത് കൊലപാതക്കേസില്‍ അന്വേഷണം ആട്ടിമറിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിവൈ.എസ്.പി സ്ഥാനത്ത് നിന്ന് തരംതാഴ്ത്തിയിരുന്നു. കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങി ഡിവൈ.എസ്.പിയായി തുടരുകയാണ്. ലോ ആന്റ് ഓഡര്‍ ഡ്യൂട്ടിയില്‍ നിയമിക്കരുതെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഉണ്ടായിരുന്നതിനാല്‍ 2014 മുതല്‍ 2022 വരെ ഇയാളെ മാറ്റി നിര്‍ത്തിയിരുന്നു. പിന്നീട് 2022ല്‍ തൊടുപുഴ ഡിവൈഎസ്പിയായി നിയമിച്ചപ്പോഴും ഒരു കസ്റ്റഡി മര്‍ദനക്കേസിലും വിജിലന്‍സ് കേസിലും ഉള്‍പ്പെടുകയും ചെയ്തിരുന്നു.

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ നേതാവ് തണ്ണിത്തോട് സ്വദേശി ജയകൃഷ്ണനെ കോന്നി സി.ഐ ആയിരിക്കുമ്പോള്‍ മധുബാബു മാരകമായി മര്‍ദിച്ചിരുന്നു. ഇതിനെതിരേ ജയകൃഷ്ണന്‍ നല്‍കിയ കേസും കോടതിയില്‍ വിചാരണയിലാണ്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…