
അടൂര്‍: സിപിഎം ജില്ലാ കമ്മറ്റിയംഗം പ്രസിഡന്റായ കടമ്പനാട് പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘത്തില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഇക്കാര്യം ചൂണ്ടിക്കാട്ടി അംഗങ്ങള്‍ നല്‍കിയ പരാതി സിപിഎം ഏരിയാ കമ്മറ്റി ചര്‍ച്ച ചെയ്ത് തള്ളി. സിപിഎം ജില്ലാ കമ്മറ്റിയംഗം, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം, അഖിലേന്ത്യാ കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സി. രാധാകൃഷ്ണനാണ് സംഘത്തിന്റെ പ്രസിഡന്റ്.
സംഘത്തോട് അനുബന്ധിച്ച് ടെയ്‌ലറിങ് യൂണിറ്റ്, ഓഫ് സെറ്റ് പ്രിന്റേഴ്‌സ് എന്നിവ പ്രവര്‍ത്തിക്കുന്നു. 40 ലക്ഷം മുടക്കിയാണ് പ്രസും അനുബന്ധ സാമഗ്രികളും വാങ്ങിയിട്ടുള്ളത്. ഇത് വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്നും സംഘത്തിന്റെ ഫണ്ട് വകമാറ്റിയെന്നും ആരോപിച്ചാണ് സിപിഎമ്മിന്റെ അംഗങ്ങള്‍ പരാതി ഉന്നയിച്ചത്. എന്നാല്‍, ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗം ചര്‍ച്ച ചെയ്ത് ഏകപക്ഷീയമായി തള്ളുകയായിരുന്നു. ഇതിനെതിരേ അംഗങ്ങള്‍ക്കുള്ളില്‍ എതിര്‍പ്പ് രൂക്ഷമാണ്. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുന്നുവെന്ന പരാതിയാണ് ഇവര്‍ക്കുളളത്.