പത്തനംതിട്ട: പുലര്‍ച്ചെ വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. അടൂര്‍ കിളിവയല്‍ പുതുശ്ശേരി ഭാഗം മഹര്‍ഷിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുപ്പത്തിമൂന്നുകാരിയാണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വെളളിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം.
യുവതിക്ക് പ്രസവവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ പ്രസവിക്കുകയായിരുന്നു. വീട്ടുകാര്‍ വിവരം ആശാ പ്രവര്‍ത്തക അനീഷയെ അറിയിച്ചു. അനീഷ ആണ് കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉടന്‍ അത്യാഹിത സന്ദേശം ഹരിപ്പാട് നിന്ന് അടൂരിലേക്ക് മടങ്ങുകയായിരുന്ന അടൂര്‍ ജനറല്‍ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ പൈലറ്റ് രാജേഷ് ബാലന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ എസ്. ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി.
തുടര്‍ന്ന് ശ്രീജിത്ത് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ഇരുവരെയും ആംബുലന്‍സ് പൈലറ്റ് രാജേഷ് ബാലന്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.