പത്തനംതിട്ട: നഗരത്തില്‍ അമൃത് മിത്ര പദ്ധതിയ്ക്ക് തുടക്കമായി. പൂന്തോട്ട പരിപാലനം, വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡിംഗ്, ജല ഉപഭോക്തൃ ചാര്‍ജുകളും വസ്തു നികുതിയും ശേഖരിക്കല്‍, പൈപ്പ് ലൈനുകളിലെ ചോര്‍ച്ച കണ്ടെത്തല്‍, ജലസംരക്ഷണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്. ഇതിന്റെ ആദ്യഘട്ടത്തിനാണ് നഗരത്തില്‍ തുടക്കമായിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പൂച്ചെടികളുടെയും തണല്‍മരങ്ങളുടെയും പരിപാലനത്തിനുള്ള ആദ്യ സംഘം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന നിരത്തുകളായ ജനറല്‍ ആശുപത്രി മിനി സിവില്‍ സ്‌റ്റേഷന്‍ റോഡ്, കുമ്പഴ എന്നിവിടങ്ങളില്‍ റോഡുവക്കില്‍ സ്ഥാപിച്ചിരുന്ന ചട്ടികളില്‍ പൂച്ചെടികളുടെ പരിപാലനം ഉറപ്പാക്കിയിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ടൗണ്‍ സ്‌ക്വയര്‍, നവീകരിച്ച നഗരസഭാ ബസ്റ്റാന്‍ഡ് എന്നിവയോട് ചേര്‍ന്ന് വെച്ചുപിടിപ്പിക്കുന്ന പൂച്ചെടികളുടെയും തണല്‍മരങ്ങളുടെയും പരിപാലനവും പദ്ധതിയുടെ ഭാഗമാകും.
നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പൊതു ആവശ്യകത മനസ്സിലാക്കി ചടുലമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനാലാണ് ജില്ലയില്‍ ആദ്യമായി പദ്ധതിയ്ക്ക് തുടക്കം കുറിക്കാന്‍ നഗരസഭയ്ക്കായത് എന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജറി അലക്‌സ്, കൗണ്‍സിലര്‍ വിമല ശിവന്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ സുധീര്‍ രാജ്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി മിനി എസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കുടുംബശ്രീ അംഗങ്ങളായ വനിതകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഒരാഴ്ചത്തെ പരിശീലനം നല്‍കിയിരുന്നു. ആറ് പേരെ മൂന്ന് സംഘമായി തിരിച്ചാണ് നിയോഗിച്ചിട്ടുള്ളത്. പദ്ധതി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിര്‍ധനരായ നിരവധി കുടുംബങ്ങള്‍ക്ക് വരുമാനം ഉറപ്പാക്കാനും സാധിക്കും.