തിരുവല്ല: സിപിഎം സംസ്ഥാന കമ്മറ്റിയംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ അഡ്വ. കെ. അനന്തഗോപന്‍ അയോധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അക്ഷതം സ്വീകരിച്ചതിന്റെ പേരില്‍ മന്ത്രി കെ.ബി. ഗണേഷ്കുമാര് അടക്കമുള്ളവര്‍ക്കെതിരേ ഇടത് സൈബര്‍ ഇടങ്ങില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുന്‍ ബോര്‍ഡ് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മറ്റിയംഗവുമായിരുന്ന അനന്തഗോപന്‍ അക്ഷതം സ്വീകരിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഞായറാഴ്ച വൈകിട്ടാണ് സ്വീകരിച്ചത്.
വള്ളംകുളം നന്നൂരിലെ അനന്തഗോപന്റെ വീട്ടിലെത്തി അയോധ്യ ആഘോഷ കണ്‍വീനര്‍ രഘുവരന്, സംഘപ്രവര്‍ത്തകരായ ശിവകുമാര്‍ അമൃതകല, തുളസീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് അയോധ്യയില്‍ പൂജിച്ച അക്ഷതം കൈമാറിയത്. ഇതിനൊപ്പം പ്രതിഷ്ഠാ പരിപാടിയിലേക്ക് ക്ഷണപത്രവും നല്കി. രണ്ടും അനന്തഗോപന്‍ സ്വീകരിച്ചുവെന്നാണ് സംഘപരിവാര്‍ സൈബര്‍ ഇടങ്ങള്‍ ആഘോഷിക്കുന്നത്. ഇതു സംബന്ധിച്ച് നിഷേധക്കുറിപ്പൊന്നും അനന്തഗോപന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ജനുവരി 22 ന് നന്നൂര്‍ ദേവീക്ഷേത്രത്തില്‍ നടക്കുന്ന നാമജപം, സമൂഹസദ്യ എന്നിവയില്‍ പങ്കെടുക്കാനും അനന്തഗോപനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വരാമെന്ന് സമ്മതിച്ചുവെന്നും ആഘോഷ കമ്മറ്റി അറിയിച്ചു.
സംസ്ഥാന കമ്മറ്റിയംഗമായ അനന്തഗോപനെ വശത്തേക്ക് മാറ്റി നിര്‍ത്തുകയാണ് ഇപ്പോള്‍ സിപിഎം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം അദ്ദേഹം സിപിഎം പരിപാടികളില്‍ സജീവമായിട്ടില്ല. 18 ന് തിരുവല്ല മുഖ്യമന്ത്രി പങ്കെടുക്കുന്ന മൈഗ്രേഷന്‍ കോണ്‍ക്ലേവ് നടക്കുന്നുണ്ട്. അതിന്റെ ഡയസിലേക്ക് മുതിര്‍ന്ന അംഗമായ അനന്തഗോപന്‍ ക്ഷണമില്ല. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറാണ് പരിപാടിയുടെ കണ്‍വീനര്‍. തിരുവല്ല ശരിക്കും അനന്തഗോപന്റെ തട്ടകമാണ്. ഇവിടേക്കാണ് ആറന്മുളയില് നിന്ന് പത്മകുമാറിനെ കൊണ്ടു വന്നിരിക്കുന്നത്. തിരുവല്ലയില്‍ നിന്നുള്ള മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റംഗം ആര്. സനല്കുമാറിനും കോണ്‍ക്ലേവില്‍ കാര്യമായ റോളില്ല.