
പന്തളം: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലംഎന്‍.ഡി.എ സ്ഥാനാത്ഥി അനില്‍ ആന്റണി മണികണ്ഠസ്വാമിയുടെ പാദസ്പര്‍ശനമേറ്റ മണ്ണില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. വലിയകോയിക്കല്‍ ക്ഷേത്രം സന്ദര്‍ശിച്ചു. രാവിലെ ഒമ്പതു മണിയോടുകൂടിയായിരുന്നു മേടക്കല്ല് കടന്ന് വലിയകോയിക്കല്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. അച്ചന്‍കോവിലാറ്റില്‍ പാദശുദ്ധി വരുത്തി എത്തിയ അനില്‍ ആന്റണി നടയ്ക്കല്‍ ഗണപതിയ്ക്ക് നാളികേരമുടച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനുള്ളില്‍ തൊഴുകരങ്ങളോടു കൂടി.
മേല്‍ശാന്തി നീരാഞ്ജനമുഴിഞ്ഞു, പ്രസാദം നല്‍കി. രാവിലെ ഗണപതി ഹോമം അനിലിന്റെ നാമത്തില്‍ ക്ഷേത്രത്തില്‍ നടത്തിയിരുന്നു. ഗണപതി ഹോമത്തിന്റെയും, നീരാഞ്ജനത്തിന്റെയും പ്രസാദം നെറ്റിയില്‍ ചാര്‍ത്തി. സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ തിരുവാഭരണമാളിക കണ്ടു തൊഴുതു. മണികണ്ഠന്റെ മണ്ണില്‍ നിന്നും തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങാന്‍ കഴിഞ്ഞത് ജന്മഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ജീവിതത്തില്‍ ഏറ്റവും നല്ല ദിവസമായി ഞാന്‍ കരുതുന്നു. അയ്യപ്പന്റെ അനുഗ്രഹം എനിയ്ക്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചരിത്രപരമായ ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കും എന്ന ഉറച്ച ആത്മവിശ്വാസം എനിക്കുണ്ട്. മൂന്നാം തവണയും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു സുസ്ഥിര ഭരണം ഇതിലൂടെ ഒരു ഒരു വികസിത ഭാരതം അതില്‍ കേരളവും പത്തനംതിട്ടയും ഭാഗമാകും എന്നതില്‍ സംശയമില്ലന്നും അനില്‍ ആന്റണി പറഞ്ഞു.
ബി.ജെ..പി. സംസ്ഥാന കൗണ്‍സില്‍ അംഗം കൊട്ടേത്ത് ശ്രീപ്രദീപ്, ജില്ലാ സെക്രട്ടറി കെ. ബിനുമോന്‍, മണ്ഡലം പ്രസിഡന്റ് ജി. ഗിരിഷ് കുമാര്‍,യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് നിതിന്‍ ശിവ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, കൗണ്‍സിലറന്മാരായ പി.കെ. പുഷ്പലത, സൂര്യ എസ്.നായര്‍, വലിയകോയിക്കല്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബിനു നരേന്ദ്രന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.