പത്തനംതിട്ട: എ.കെ.ആന്റണിയെ കാണുമ്പോള്‍ സഹതാപം മാത്രമാണ് തോന്നുന്നതെന്ന് മകനും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അനില്‍ കെ. ആന്റണി. രാഷ്ര്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗാന്ധി കുടുംബത്തിനു വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം പഴയ പ്രതിരോധ മന്ത്രിയാണ്. പാക്കിസ്ഥാനെ വെള്ളം പൂശാന്‍ ശ്രമിച്ച ഒരു എംപിക്ക് വേണ്ടി സംസാരിച്ചപ്പോള്‍ എനിക്കു വിഷമമാണ് തോന്നിയത്. ജൂണ്‍ നാലിനു നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും. ഇതു കണ്ട് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ പോലെ കാലഹരണപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ കുരച്ചു കൊണ്ടേയിരിക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ല. ഇന്ത്യയെ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പിക്കു മാത്രമേ സാധിക്കുകയുള്ളൂ. 15 വര്‍ഷമായി പത്തനംതിട്ടയില്‍ വികസനം നടന്നിട്ടില്ല. വികസനമില്ലായ്മ മറച്ചുവയ്ക്കാന്‍ വേണ്ടി ആന്റോ ആന്റണി ജനങ്ങളെ കബളിപ്പിക്കുകയാണ്. തീവ്ര നിലപാടുകളുള്ള ചില വോട്ടുകള്‍ക്ക് വേണ്ടി ആന്റോ ആന്റണി ഇന്ത്യയെ തള്ളിപ്പറഞ്ഞു. രാജ്യവിരുദ്ധമായ നയങ്ങള്‍ എടുക്കുന്നതുകൊണ്ടാണ് ദേശീയരാഷ്ര്ടീയത്തില്‍ നിന്നും കോണ്‍ഗ്രസിനെ ഇന്ത്യന്‍ ജനത ചവറ്റു കൊട്ടയിലേക്ക് എറിഞ്ഞത്. 370ലധികം സീറ്റുകള്‍ ബി.ജെ.പി നേടും. ആന്റോ ആന്റണി പരാജയപ്പെടും. ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനു പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.
പത്തനംതിട്ടയില്‍ ആരൊക്കെ വന്നാലും ഒന്നും നടക്കില്ലെന്നും അനില്‍ ആന്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനുമുന്‍പ് തിരുവല്ല മണ്ഡലത്തിലെ എം.പിയായിരുന്ന പി.ജെ.കുര്യനും പത്തനംതിട്ടയുടെ വികസനമില്ലായ്മയുടെ കാരണക്കാരനാണ്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസിനെ വളര്‍ത്തി വളര്‍ത്തി പാതാളത്തിലെത്തിച്ചു. കാലഹരണപ്പെട്ട നേതാക്കളാണ് കോണ്‍ഗ്രസിലുള്ളത്. കോണ്‍ഗ്രസ് ഒരു കുടുംബത്തിനു വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അനില്‍ ആന്റണി ആരോപിച്ചു.