
ശബരിമല: മകരവിളക്ക് ദര്‍ശിക്കാന്‍ പാണ്ടിത്താവളത്തിലും സമീപ വ്യൂ പോയിന്റുകളിലും തമ്പടിക്കുന്ന അയ്യപ്പഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ അന്നദാനത്തിന് തുടക്കമായി. അന്നദാന വിതരണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഇന്നും നാളെയുമാണ് പാണ്ടിത്താവളത്തില്‍ അന്നദാന മണ്ഡപത്തില്‍ ഭക്ഷണവിതരണമുണ്ടാ യിരിക്കുക. പാണ്ടിത്താവളത്തില്‍ മാംഗുണ്ട നിലയത്തിനു സമീപം പ്രത്യേകമായി തയാറാക്കിയ രണ്ട് കേന്ദ്രങ്ങളിലായാണ് അന്നദാന വിതരണം ക്രമീകരിച്ചിരിക്കുന്നത്. ഉപ്പുമാവും കടലക്കറിയുമാണ് വിതരണം ചെയ്തത്.
പ്രധാന അന്നദാന മണ്ഡപത്തില്‍ നിന്നുള്ള ഭക്ഷണം ഇവിടെയെത്തിച്ചാണ് വിതരണം ചെയ്യുക. പ്രധാന അന്നദാന മണ്ഡപത്തില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്ന അതേ സമയങ്ങളില്‍ തന്നെ പാണ്ടിത്താവളത്തിലെ അന്നദാനമണ്ഡപത്തിലും ഭക്ഷണം വിതരണം ചെയ്യും.
മകരവിളക്ക് ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ ഭക്ഷണം പാചകം ചെയ്യുന്നതിന് അടുപ്പ് കൂട്ടരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തിലാണ് ഭക്തര്‍ക്കായി അന്നദാനം വിതരണം ഏര്‍പ്പെടുത്തുന്നത്.
മകരവിളക്ക് മഹോത്സവത്തിനായി തമ്പടിക്കുന്ന ഭക്ത4ക്ക് ഭക്ഷണം നല്‍കുകയെന്നത് ദേവസ്വം ബോര്‍ഡിന്റെ അടിസ്ഥാനപരമായ കര്‍ത്തവ്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു. ദര്‍ശനം കാണാനെത്തുന്നവര്‍ ഞായറാഴ്ച മുതല്‍ ഇവിടെ തമ്പടിക്കുന്നു. അവര്‍ക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോകാനോ ഇരിക്കുന്ന സ്ഥലത്ത് നിന്ന് എഴുന്നേല്‍ക്കാനോ മനസുള്ളവരല്ല. ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്ന ശീലമുണ്ടായിരുന്നു. അത് വലിയ അപകടത്തിലേക്ക് പോകും. അതുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് തന്നെ മൂന്ന് നേരവും ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്. പൂര്‍ണമായും സൗജന്യമായി ഇവിടെയെത്തുന്ന എല്ലാ ഭക്തര്‍ക്കും ഭക്ഷണം നല്‍കും. ഭക്ഷണം കഴിച്ച് തിക്കും തിരക്കും കൂട്ടാതെ സ്വാമിയെ തൊഴുത് മലയിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ദിവസേന 25000 പേരാണ് അന്നദാന മണ്ഡപത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത്. മൂന്ന് ഇടവേളകളിലായി 24 മണിക്കൂറും അന്നദാനമുണ്ട്. രാവിലെ ഏഴു മുതല്‍ 11 വരെയാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയാണ് ഉച്ചഭക്ഷണം. ഉപ്പുമാവ്, കടലക്കറി, ചുക്ക് കാപ്പി എന്നിവയാണ് പ്രഭാത ഭക്ഷണം. വെജിറ്റബിള്‍ പുലാവ്, സാലഡ് അല്ലെങ്കില്‍ വെജിറ്റബിള്‍ കറി, അച്ചാര്‍, ചുക്കുവെള്ളം എന്നിവയാണ് ഉച്ചഭക്ഷണം. കഞ്ഞി, ചെറുപയര്‍, അച്ചാര്‍ എന്നിവ രാത്രിയില്‍ 6.30 മുതല്‍ മുതല്‍ 12 വരെ ഭക്ത4ക്ക് വിളമ്പും.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസള്‍, അന്നദാനം സ്‌പെഷ്യല്‍ ഓഫീസര്‍, രണ്ട് അസിസ്റ്റന്റ് ഓഫീസര്‍ എന്നിവര്‍ക്കാണ് അന്നദാന വിതരണത്തിന്റെ മേല്‍നോട്ട ചുമതല.
ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീനിവാസന്‍ പോറ്റി, സ്‌പെഷ്യല്‍ ഓഫീസര്‍ ദിലീപ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ജി. മനോജ് കുമാര്‍, കെ. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.