കൊണ്ടും കൊടുത്തും സ്ഥാനാര്‍ഥികളുടെ മുഖാമുഖം: കിഫ്ബി കേരളത്തില്‍ വന്‍മുതല്‍ മുടക്കിന് തുടക്കം കുറിച്ചുവെന്ന് ഐസക്: സാമ്പത്തിക നില നശിപ്പിച്ചത് കിഫ്ബിയെന്ന് ആന്റോ ആന്റണി

0 second read
Comments Off on കൊണ്ടും കൊടുത്തും സ്ഥാനാര്‍ഥികളുടെ മുഖാമുഖം: കിഫ്ബി കേരളത്തില്‍ വന്‍മുതല്‍ മുടക്കിന് തുടക്കം കുറിച്ചുവെന്ന് ഐസക്: സാമ്പത്തിക നില നശിപ്പിച്ചത് കിഫ്ബിയെന്ന് ആന്റോ ആന്റണി
0

പത്തനംതിട്ട: കൊണ്ടും കൊടുത്തും സ്ഥാനാര്‍ഥികളുടെ മുഖാമുഖം പരിപാടി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച തേരോട്ടം തെരഞ്ഞെടുപ്പ് സംവാദത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കും യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയും ആരോപണ പ്രത്യാരോപണങ്ങളുമായി കത്തിക്കയറിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിയെ ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല.

സര്‍വം കിഫ്ബി മയം

കിഫ്ബിയാണ് കേരളത്തില്‍ വന്‍മുതല്‍ മുടക്കിന് ആരംഭം കുറിച്ചതെന്നും പത്തനംതിട്ടയില്‍ മാത്രം 7500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇതു മുഖേന നടന്നിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. കിഫ്ബി വരുന്നതിനു മുന്‍പ് കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലേയെന്ന് ആന്റോ ആന്റണി ചോദിച്ചു. എല്‍.ഡി.എഫ് നിലവില്‍ അവകാശപ്പെടുന്ന പല വികസന പ്രവര്‍ത്തനങ്ങളുടെയും തുടക്കം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്നും ആന്റോ ആന്റണി പറഞ്ഞു.
പരിധി കഴിഞ്ഞുള്ള കടമെടുപ്പിന് തുടക്കമിട്ടത് ഐസക്കാണ്. കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ട് കൊണ്ടു വന്ന് കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുന്‍ധനമന്ത്രിയായ തോമസ് ഐസക്കിനാനെന്ന് ആന്റോ ആന്റണി കുറ്റപ്പെടുത്തി. കഴിഞ്ഞ 60 വര്‍ഷത്തിനിടെ കേരളത്തിനുണ്ടായ കടം 1.72 കോടി രൂപയാണ്. ഐസക്കിന്റെ കാലയളവില്‍ ഇത് 3.25 ലക്ഷം കോടിയുടേതായി. ഉമ്മന്‍ ചാണ്ടിയുടെ കാലഘട്ടത്തില്‍ കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, മെഡിക്കല്‍ കോളജുകള്‍, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങി വന്‍ വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടു പോലും വളരെ കുറഞ്ഞ പലിശയ്ക്കു മാത്രമാണ് കടമെടുത്തത്. കിഫ്ബിയുടെ പേരില്‍ തോമസ് ഐസക് വിദേശത്തുനിന്ന് മസാല ബോണ്ട് വാങ്ങിയത് 9.72 ശതമാനം പലിശയ്ക്കാണ്. ഇന്നിപ്പോള്‍ സാമ്പത്തിക സ്ഥിതി താറുമാറായി. പെന്‍ഷനുകള്‍ മുടങ്ങി. വിലക്കയറ്റം രൂക്ഷമായി. നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്ഷാമമാണ്. സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിയും സ്‌കോളര്‍ഷിപ്പുകളും മുടങ്ങി.

കടമെടുപ്പ് വലിയ പാതകമൊന്നുമല്ലെന്ന് ഐസക്

മസാല ബോണ്ടില്‍ കൂടിയ പലിശയ്ക്കു കടമെടുത്തെന്ന ആരോപണം തോമസ് ഐസക് തള്ളി. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് മസാല ബോണ്ട് വാങ്ങിയത്. മറ്റു കടമെടുപ്പുകളെല്ലാം ഡോളറിന്റെ മൂല്യത്തിലാണ്. ഇതാകുമ്പോള്‍ വിപണിയില്‍ ഡോളറിനുണ്ടാകുന്ന വ്യതിയാനത്തിനനുസൃതമായി തുക ഉയരും. എന്നാല്‍ മസാല ബോണ്ടിന്റെ പലിശ ഇന്ത്യന്‍ രൂപയുടെ അടിസ്ഥാനത്തില്‍ ക്ലിപ്തമായിരിക്കും. ലണ്ടന്‍ മാര്‍ക്കറ്റില്‍ ഓപ്പറേറ്റ് ചെയ്താല്‍ രാജ്യത്തു കിട്ടുന്ന വിശ്വാസ്യത ചെറുതല്ല. കിഫ്ബിയെ എതിര്‍ക്കുന്നവര്‍ വികസന പ്രവര്‍ത്തനം നടത്താന്‍ ബദല്‍ മാര്‍ഗങ്ങള്‍ കൂടി പറഞ്ഞു തരണം. പശ്ചാത്തല മേഖലയില്‍ വന്‍മുന്നേറ്റമാണ് കിഫ്ബി മുഖേനെയുണ്ടായത്. കേരളത്തിന്റെ സമ്പദ് ഘടനയിലും വളര്‍ച്ചയുണ്ടായി. എന്നാല്‍ കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിച്ചുവെന്നും തോമസ് ഐസക് പറഞ്ഞു. വരുമാന സ്രോതസുകളുള്ള പദ്ധതികള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ കിട്ടും. എന്നാല്‍ മെഡിക്കല്‍ കോളജുകള്‍, റോഡുകള്‍, പാലങ്ങള്‍ ഇവയ്ക്ക് ഇത്തരത്തില്‍ പണം ലഭ്യമാകില്ല. അഞ്ചുവര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരിന്റെ കടം ഇരട്ടിക്കുന്നത് സ്വാഭാവികമാണ്. 1.7 ലക്ഷം കടമുണ്ടായിരുന്നത് 3.4 ലക്ഷമാകും. പിന്നീട് ഇത് 6.8 ലക്ഷമാകാം. കേന്ദ്രം ബജറ്റിനു പുറത്ത് ലക്ഷങ്ങളാണ് കടമെടുക്കുന്നത്. എന്നിട്ടാണ് സംസ്ഥാനത്തിനു നേരെ കുതിര കയറുന്നതെന്നും ഐസക് പറഞ്ഞു.

കാമ്പസുകളില്‍ എസ്.എഫ്.ഐ വിളയാട്ടം

കേരളത്തിലെ കാമ്പസുകളില്‍ എസ്എഫ്‌ഐ നടത്തുന്ന ക്രൂരതകള്‍ തള്ളിപ്പറയാന്‍ എല്‍.ഡി. എഫും തോമസ് ഐസക്കും തയാറുണ്ടോയെന്ന് ആന്റോ ആന്റണി ചോദിച്ചു. വെറ്ററിനറി കോളജില്‍ സിദ്ധാര്‍ഥിനെ മര്‍ദിച്ചു കൊന്നു. കേരള സര്‍വകലാശാല കലോത്സവം കലാപോത്സവമാക്കി. വിധികര്‍ത്താവായ അധ്യാപകന്റെ ജീവനെടുത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും എസ്.എഫ്.ഐയുടെ ഈ നയങ്ങള്‍ തള്ളിപ്പറയാന്‍ സി.പി.എം നേതാക്കള്‍ തയാറുണ്ടോ? ഇക്കാര്യത്തില്‍ ആലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മന്ത്രി കെ. രാധാകൃഷ്ണന്‍ സ്വീകരിച്ച നിലപാടിനെ ആന്റോ പ്രശംസിച്ചു. കാമ്പസ് രാഷ്ര്ടീയത്തിലൂടെ പൊതുരംഗത്തെത്തിയവരാണ് തങ്ങളൊക്കെ. അന്ന് ആശയ സംവാദമായിരുന്നു. ഇന്നിപ്പോള്‍ കലാപ അന്തരീക്ഷമാണ്. ഇതിനൊരു പരിഹാരം വേണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ കേരളത്തിലെ കാമ്പസുകള്‍ വിട്ടു പുറത്തു പോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാമ്പസുകളില്‍ കൊല്ലപ്പെട്ടത് മൂന്നു ഡസന്‍ എസ്.എഫ്.ഐക്കാര്‍

കേരളത്തിലെ കാമ്പസുകളില്‍ ഇന്നേവരെ മൂന്ന് ഡസനോളം എസ്.എഫ്.ഐ പ്രവര്‍ത്തകരായ കുട്ടികള്‍ കൊലപാതകത്തിന് ഇരയായിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. ഒരു സംഭവത്തിന്റെ പേരില്‍ എസ്.എഫ്.ഐയെ കുറ്റപ്പെടുത്താന്‍ ഇവര്‍ക്ക് അര്‍ഹതയില്ല. കെ.എസ്.യുക്കാരായ ആരെങ്കിലും കോളജ് കാമ്പസുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്നും ഐസക് ചോദിച്ചു.

ഇ.ഡിയെ ഭയമില്ലെന്ന് ഐസക്

ഇ.ഡിയെ തനിക്കു ഭയമില്ലെന്ന് തോമസ് ഐസക്. രണ്ടു വര്‍ഷമായി അവര്‍ എന്റെ പിന്നാലെ കൂടിയിരിക്കുകയാണ്. അവരുടെ മുമ്പാകെ വിശദീകരണം നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. എന്താണ് ഞാന്‍ ചെയ്ത കുറ്റമെന്ന് അവര്‍ പറയട്ടെ. തെറ്റില്ലെങ്കില്‍ അക്കാര്യം ഇ.ഡി മുന്‍പാകെ വിശദീകരിച്ചു കൂടേയെന്ന് ആന്റോ ചോദിച്ചു. ഇ.ഡി അന്വേഷണങ്ങളെ രാജ്യം മുഴുവന്‍ തള്ളിപ്പറയുന്ന നിങ്ങള്‍ കേരളത്തില്‍ എത്തുമ്പോള്‍ എന്തേ നിലപാട് മാറ്റുന്നതെന്ന് ഐസക് ചോദിച്ചു.

ബി.ജെ.പിക്ക് അവരുടെ വോട്ട് കിട്ടുമെന്ന് ആന്റോ, കൂപ്പുകുത്തുമെന്ന് ഐസക്ക്

ബി.ജെ.പിക്കെതിരേ ഒരേ നിലപാട് ഇരുവരും പ്രകടിപ്പിച്ചെങ്കിലും ആര്‍ക്കാണ് ഇതില്‍ ആര്‍ജവം കൂടുതല്‍ എന്നതിലായിരുന്നു ചര്‍ച്ച. പത്തനംതിട്ടയില്‍ ബി.ജെ.പി വോട്ട് 29 ശതമാനത്തില്‍ നിന്ന് 12 ലേക്ക് കൂപ്പു കുത്തുമെന്ന് തോമസ് ഐസക് പറഞ്ഞു. ബി.ജെ.പിക്ക് അവരുടെ വോട്ട് കിട്ടുമെന്നായിരുന്നു ആന്റോയുടെ നിലപാട്.
കേന്ദ്രത്തിലെ വര്‍ഗീയ ഫാസിസ്റ്റ് ഭരണത്തെ ശക്തിയുക്തം എതിര്‍ക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂവെന്ന് ആന്റോ പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാനുള്ള കരുത്ത് കോണ്‍ഗ്രസിനുണ്ടോയെന്ന് തോമസ് ഐസക് ചോദിച്ചു.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…