
കുന്നന്താനം: കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കുന്നന്താനത്ത് നട്ട സമര വാഴയുടെ വിളവെടുപ്പ് നാളെ വൈകിട്ട് നാലിന് മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി ദിനത്തില്‍ സമരസമിതിയുടെ ആഹ്വാനപ്രകാരമാണ് വാഴ നട്ടത്. സമരസമിതി ജില്ലാ ചെയര്‍മാന്‍ അരുണ്‍ ബാബു, കണ്‍വീനര്‍ മുരുകേഷ് നടക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വാഴക്കുല നാളെ വെട്ടി ലേലം ചെയ്യും. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വീടിന് സമീപം അടുപ്പ് കല്ലിളക്കി കെ റെയിലിന്റെ മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ ഭവന നിര്‍മ്മാണ ഫണ്ടിലേക്ക് ലേലത്തുക സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍ കൈമാറും.
കെ റെയില്‍ വേണ്ട കേരളം വേണം എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മെയ് 31 മുതല്‍ ജൂണ്‍ ആറു വരെ പരിസ്ഥിതി സംരക്ഷണ വാരാചരണം നടത്തിയിരുന്നു. ജൂണ്‍ അഞ്ചിന് പദ്ധതി അനുകൂലികളായ എംഎല്‍എ മാരോടുള്ള പ്രതിഷേധ സൂചകമായി 11 ജില്ലകളിലും സമര വാഴ നടല്‍ നടത്തി. കുന്നന്താനം നടയ്ക്കല്‍ ജങ്ഷനില്‍ നട്ട പൂവന്‍ വാഴക്കുലയാണ് ഇപ്പോള്‍ വിളവെടുക്കുന്നത്. ലേലത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. വാഴക്കുല വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിക്കും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. സാധാരണ ജനങ്ങളെയോ അവരുടെ ആവശ്യകതകളെയോ പരിഗണിക്കാതെ ധൂര്‍ത്തും അഴിമതിയും മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് എന്നതിനാലാണ് ആ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നത് എന്നും ഒറ്റമുറി കൂരയില്‍ നിന്നും സര്‍ക്കാര്‍ തെരുവിലിറക്കാന്‍ ശ്രമിച്ച തങ്കമ്മയുടെ ഭവന നിര്‍മ്മാണ ഫണ്ടിലേക്ക് വാഴക്കുല ലേലം ചെയ്തു കിട്ടുന്ന തുക നല്‍കുമെന്നും ജില്ലാ കണ്‍വീനര്‍ മുരുകേഷ് നടക്കല്‍ പറഞ്ഞു.