പൊന്നമ്പല മേട്ടിലെ പൂജ: മുഖ്യപ്രതി നാരായണ സ്വാമിയുടെ മൂന്‍കൂര്‍ ജാമ്യഹര്‍ജി പത്തനംതിട്ട ജില്ലാ കോടതി തള്ളി

0 second read
Comments Off on പൊന്നമ്പല മേട്ടിലെ പൂജ: മുഖ്യപ്രതി നാരായണ സ്വാമിയുടെ മൂന്‍കൂര്‍ ജാമ്യഹര്‍ജി പത്തനംതിട്ട ജില്ലാ കോടതി തള്ളി
0

പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയതിന് വനം വകുപ്പും പൊലീസും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ മുഖ്യപ്രതി നാരായണ സ്വാമിയുടെ മുന്‍കൂര്‍ ഹര്‍ജി ജില്ലാ കോടതി തള്ളി. വനംവകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തടസ ഹര്‍ജികളും മുഖ്യപ്രതിയുടെ ജാമ്യഹര്‍ജിയും കേട്ടതിന് ശേഷമാണ് തള്ളിക്കൊണ്ട് വിധി പ്രഖ്യാപിച്ചത്. പൊന്നമ്പലമേട്ടില്‍ ഹിന്ദു ആചാര
പ്രകാരമാണ് പൂജ നടത്തിയതെന്നും ഇവിടെ തമിഴ്‌നാട്ടില്‍ നിന്നുള്ളവരടക്കം നിരവധി ഭക്തര്‍, ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സ്ഥിരമായി പൂജ നടത്തി വന്നിരുന്നു എന്നുമാണ് നാരായണ സ്വാമിക്ക് വേണ്ടി ഹാജരായ അഡ്വ. അജിത് പ്രഭാവ് വാദിച്ചത്.

പൊന്നമ്പലമേട്ടില്‍ നാരായണ സ്വാമി നടത്തിയ പൂജയില്‍ അനധികൃത കടന്നു കയറ്റമോ ആചാര വിരുദ്ധമായ എന്തെങ്കിലുമോ ഉണ്ടായിട്ടില്ല. ഇവിടെ മുന്‍പ് നിത്യപൂജയുണ്ടായിരുന്ന ശിവക്ഷേത്രമുണ്ടായിരുന്നതായുള്ള, 2011 ലെ ഹൈക്കോടതിയുടെ നിരീക്ഷണവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ഒരു കേസിന്റെ പേരില്‍ ഒരാളെ ജയിലിലടക്കുന്നത് ക്രൂരതയാണെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും നാരായണ സ്വാമിയുടെ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ നാരായണ സ്വാമി ഉള്‍പ്പടെ ഒമ്പതു പ്രതികളാണുള്ളത്. ഇതു വരെ ആറു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഒരു മാസത്തിലേറെയായി നാരായണ സ്വാമി ഒളിവിലാണ്. ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ മൂഴിയാര്‍ പോലീസും കേസെടുത്തിരുന്നു.

പൊന്നമ്പലമേട്ടില്‍ ഒമ്പതംഗസംഘം അതിക്രമിച്ച് കയറി പൂജ ചെയ്തത് മേയ് എട്ടിനാണ്. പിടിയിലായ വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാരാണ് ഇതു സംബന്ധിച്ച് മൊഴി നല്‍കിയത്. വനംവികസന കോര്‍പ്പറേഷനിലെ സൂപ്പര്‍ വൈസര്‍ രാജേന്ദ്രന്‍, തൊഴിലാളി സാബു എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ നാരായണ സ്വാമിയുടെ സഹായി ഇടുക്കി മ്ലാമല സ്വദേശി ശരത്തും മറ്റ് മൂന്നു പേരും കൂടി പിടിയിലായി.

ഒമ്പത് പ്രതികളില്‍ അഞ്ചു പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. പുജ നടത്തിയ കീഴ്ശാന്തി നാരായണ സ്വാമി തൃശൂര്‍ സ്വദേശിയാണ്. ഇവര്‍ക്ക് കുമളി സ്വദേശിയും സംഘത്തിലുണ്ടായിരുന്നു. വള്ളക്കടവ് വരെ ജീപ്പില്‍ വന്നു. തുടര്‍ന്ന് കുമളിഗവിപത്തനംതിട്ട കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിച്ച് മണിയാട്ടി പാലത്തിന് സമീപം ഇറങ്ങി ഇവിടെ നിന്ന് വനത്തിലൂടെ പൊന്നമ്പലമേട്ടില്‍ എത്തുകയായിരുന്നു. വഴി കാട്ടിയായി പ്രവര്‍ത്തിച്ചവരാണ് രാജേന്ദ്രനും സാബുവും. ഇവര്‍ക്ക് പണവും പാരിതോഷികവും ലഭിച്ചു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …