അജോ കുറ്റിക്കന്‍
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള വിരുദ്ധ പോരാട്ടവുമായി രംഗത്തുണ്ടായിരുന്ന കര്‍ഷക സംഘടന നേതാവ് എസ്. അന്‍വര്‍ ബാലശിങ്കം ഇടുക്കിയില്‍ മത്സരിക്കാനൊരുങ്ങുന്നു. കിഫ പോലുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് മത്സരത്തിന് എത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി അന്‍വര്‍ ബാലശിങ്കവും കൂട്ടാളികളും വിവിധ സംഘടന നേതാക്കളെ സന്ദര്‍ശിച്ച് പിന്തുണ തേടി.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വിവിധ സംഘടനകള്‍ തമിഴ്നാട്ടില്‍ സമരങ്ങള്‍ സംഘടിപ്പിക്കുമ്പോഴും കഴിഞ്ഞ ഒന്നര വര്‍ഷമായി മുല്ലപ്പെരിയാറിന്റെ പേരില്‍ ബാലശിങ്കത്തിന്റെ പെരിയാര്‍ വൈഗ പാസന വ്യവസായി സംഘം സമരങ്ങള്‍ ഒന്നും തന്നെ നടത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം എന്ന നിലപാടായിരുന്നു അവര്‍ക്ക്. മാത്രമല്ല മുല്ലപ്പെരിയാറിലെ ജല നിരപ്പ് 146 അടിയാക്കണമന്ന നിലപാടില്‍ മാറ്റം വരുത്തി 104 അടിയാക്കി കുറച്ച് കനാല്‍ നിര്‍മ്മിച്ച് കൂടുതല്‍ ജലം തമിഴ്നാടിന് നല്കി കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
മുല്ലപ്പെരിയാര്‍ വിഷയം ഇരു സംസ്ഥാനങ്ങള്‍ക്കും തര്‍ക്കമില്ലാത്ത രീതിയില്‍ പരിഹരിക്കുക, മൂന്നാറിലെ ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് ഒരേക്കര്‍ ഭൂമി, കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം, തമിഴ് മീഡിയം സ്കൂളുകളില്‍ ഇംഗ്ലീഷിന് പുറമെ മലയാളവും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് തങ്ങള്‍ പ്രധാനമായും ഉന്നയിക്കുന്നതെന്ന് അന്‍വര്‍ ബാലശിങ്കം പറഞ്ഞു.
ഏതാനും വര്‍ഷങ്ങളായി തമിഴ് ഭൂരിപക്ഷ മേഖലകള്‍ കേന്ദ്രീകരിച്ച് കേരള വിരുദ്ധ പ്രചാരണം നടത്തി വന്നിരുന്നയാളാണ് അന്‍വര്‍ ബാലശിങ്കം. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും ബാലശിങ്കമായിരുന്നു. ഈ മാസം 28 നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.