
പത്തനംതിട്ട: താന്‍ ഇഷ്ടപ്പെട്ട് ജില്ലാ സെക്രട്ടറിയായതല്ലെന്നും പാര്‍ട്ടിയുടെ തീരുമാനവും നിര്‍ദേശവും അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ടതാണെന്നും സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍. അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അന്വേഷണത്തെപ്പറ്റി മനസു തുറക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരായ പരാതിയില്‍ അസ്വാഭാവികമായ ചില കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകാംഗ കമ്മിഷന്‍ അന്വേഷിച്ച് കഴമ്പുണ്ടെന്ന് കണ്ടതിനെത തുടര്‍ന്ന് വിശദമായ അന്വേഷണത്തിനായി നാലംഗ കമ്മിഷനെ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് നിയോഗിച്ചിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരുന്നു കൊണ്ട് ഒരു പൈസയും താന്‍ സമ്പാദിച്ചിട്ടില്ല. വരുമാനത്തിനും ചെലവിനും കൃത്യമായ തെളിവുണ്ട്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന ആളാണ് താന്‍.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ രീതിയിലുള്ള കാര്യങ്ങളാണോ ഇപ്പോള്‍ നടക്കുന്നതെന്ന് സംശയമുണ്ട്. അക്കാര്യങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുന്നില്ല. പിന്നീട് വിശദമായി പ്രതികരിക്കും. തനിക്കെതിരായ പരാതിയില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നോയെന്ന പരിശോധിക്കേണ്ടി വരും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമോയെന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
തനിക്ക് ഇഷ്ടമുണ്ടായിട്ടല്ല ജില്ലാ സെക്രട്ടറിയായത്. പാര്‍ട്ടി നിര്‍ദേശവും പ്രവര്‍ത്തകരുടെ തീരുമാനവും അനുസരിച്ചായിരുന്നു അതെന്നും ജയന്‍ പറഞ്ഞു. പരാതിയെ കുറിച്ച് കൂടതല് ഒന്നും പറയാനില്ല ഭീഷണികളുടെയും സമ്മര്‍ദങ്ങളുടെയും മുന്നില്‍ വഴങ്ങില്ല. മുന്‍ വിധിയില്ലാത്ത അന്വേഷണമാണ് നടക്കുന്നതെങ്കില് സ്വാഗതം ചെയ്യുന്നുവെന്നും എ.പി.ജയന്‍.
പാര്‍ട്ടി തീരുമാനം അനുസരിച്ച് ഒരാള്‍ക്ക് മൂന്നു ടേമാണ് ജില്ലാ സെക്രട്ടറി സ്ഥാനം. ഇത് തന്റെ അവസാന ടേമാണ്. ഇത്തവണത്തെ ജില്ലാ സമ്മേളനം എക്കാലവും ഓര്‍മിക്കപ്പെടുന്ന തരത്തിലുള്ളതായിരുന്നു. ഈ സമ്മേളനമാണ് തന്നോട് തുടരാന്‍ ആവശ്യപ്പെട്ടതെന്നും ജയന്‍ പറഞ്ഞു.