കോഴഞ്ചേരി: ആറന്മുളയുടെ മാത്രം സ്വന്തമായ സവിശേഷ ആചാരം ധനുമാസക്കമ്പത്തിന് തുടക്കം കുറിച്ച് തണുങ്ങ് ശേഖരണം ആരംഭിച്ചു. ക്യഷ്ണാര്‍ജുനന്‍മ്മാര്‍ ഖാണ്ഡവ വനം അഗ്‌നിദേവന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ധനുമാസക്കമ്പം ആചരിക്കുന്നത്.
ധനുമാസാരംഭം മുതല്‍ ആറന്‍മുള ക്ഷേത്ര പരിസരത്തുള്ള കുട്ടികള്‍ പരിസര പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് കവുങ്ങിന്റെ ഓലകള്‍ ശേഖരിക്കുന്നു. ഇവ ആറന്മുള പാര്‍ത്ഥസാരഥീ ക്ഷേത്രത്തിന് കിഴക്കേ നടക്കഭിമുഖമായി നിലകൊള്ളുന്ന മൂര്‍ത്തിട്ട ഗണപതീക്ഷേത്രപരിസരത്ത് എത്തിച്ച് സൂക്ഷിക്കും. ഓരോ ദിവസവും കവുങ്ങോലകള്‍ ശേഖരിച്ചശേഷം വിഘ്‌നനിവാരണനായ മൂര്‍ത്തിട്ട ഗണപതിക്ക് മുന്‍ന്നിലെത്തി വഞ്ചിപ്പാട്ട് പാടി സ്തുതിച്ച ശേഷമാണ് കുട്ടികള്‍ മടങ്ങിപ്പോവുക.
കുട്ടികള്‍ക്ക് പിന്‍തുണയും സഹായവും പ്രോത്സാഹനവും നല്‍കി മുതിര്‍ന്നവരും ഒപ്പമുണ്ടാകും. മകര സംക്രമത്തിന് മുന്നോടിയായി ധനുമാസത്തിലെ അവസാന നാളില്‍ പുലര്‍ച്ചെ ക്ഷേത്രപരിസരത്ത് സ്ഥാപിച്ച തൂണില്‍ തണുങ്ങുകള്‍ കെട്ടിയശേഷം, കമ്പത്തില്‍ അഗ്‌നി പകരുന്നതാണ് ചടങ്ങ്. ഖാണ്ഡവ വനം ദഹിപ്പിച്ചതിനെ അനുസ്മരിക്കുന്ന ധനുമാസകമ്പ ചടങ്ങില്‍ കൃഷ്ണാര്‍ജ്ജുനന്‍മ്മാരുടെ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം. കമ്പത്തിനൊപ്പം അധര്‍മ്മത്തെയും നാടിനെ ബാധിച്ച ദോഷ ദുരിതങ്ങളെയും അഗ്‌നിദേവന്‍ ദഹിപ്പിക്കുമെന്നും ആറന്‍മുളക്കാര്‍ വിശ്വസിക്കുന്നു.