ആറന്മുള ജലമേള കൂലിത്തുഴച്ചിലുകാര്‍ കൈയടക്കി: കാശുമുടക്കിയിട്ടും കപ്പ് കിട്ടാതെ വന്നപ്പോള്‍ ഭാരവാഹിക്ക് മര്‍ദനവും

0 second read
0
0

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയുടെ പാരമ്പര്യ മുഖം നഷ്ടമാക്കി കൂലിത്തുഴച്ചിലുകാര്‍. ഇറക്കുമതി തുഴച്ചില്‍ക്കാര്‍ പാടില്ലെന്ന് 52 കരകളും പളളിയോട സേവാസംഘവും കട്ടായം പറയുമ്പോള്‍ തന്നെ മറുവഴിക്ക് കൂലിത്തുഴച്ചിലുകാര്‍ ജലമേള കൈയടക്കുന്നു. കോടിക്കണക്കിന് രൂപ സമീപ ജില്ലകളിലെ തുഴച്ചിലുകാര്‍ പോക്കറ്റിലാക്കി. ലക്ഷങ്ങള്‍ മുടക്കിയിട്ടും കപ്പ് കിട്ടാതെ വന്നപ്പോള്‍ കരക്കാര്‍ ഭാരവാഹിയെ മര്‍ദിച്ച സംഭവവും ഉണ്ടായി.

ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മിക്ക പള്ളിയോടങ്ങളിലും പുറമെ നിന്നുള്ള തുഴച്ചില്‍കാര്‍ കയറിയെന്ന ആരോപണം കരകളില്‍ ശക്തമാണ്. എ ബാച്ച് പള്ളിയോടങ്ങളില്‍ മുപ്പത് മുതല്‍ അന്‍പത് വരെയും ബി ബാച്ചില്‍ ഇരുപതിനും മുപ്പതിനും ഇടയിലും തുഴച്ചില്‍കാരെ പുറമെ നിന്നും കൊണ്ടു വന്നു എന്നാണ് ആരോപണം. മുപ്പതില്‍ അധികം പള്ളിയോടങ്ങളില്‍ ഇത്തരത്തില്‍ തുഴച്ചിലുകാര്‍ കയറിയത്രെ. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ബോട്ട് ക്ലബുകളില്‍ നിന്നുള്ളവരാണ് കരാര്‍ ഏറ്റെടുത്തത്. പുറമെ നിന്നുള്ള തുഴച്ചില്‍കാരെ ഒഴിവാക്കണമെന്ന നിയമം പാസാക്കിയ സേവാസംഘം ഭാരവാഹികളുടെ പള്ളിയോടങ്ങളിലും ആറന്മുള ജലമേളയുടെ പൈതൃകം ഘോഷിക്കുന്നവരുടെ പള്ളിയോടങ്ങളിലും കരാര്‍ കൂലി തുഴച്ചിലുകാര്‍ ഉണ്ടായിരുന്നു.

ഒരു ക്ലബ്ബിനെ ഒന്നിച്ച് കരാര്‍ എടുത്തവര്‍ ഇതില്‍ നിന്നും സഹോദര കരകള്‍ക്ക് പങ്കു വച്ച് നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ ആലപ്പുഴയിലെ ഒരു ക്ലബ്ബില്‍ നിന്നും വന്ന 100 പേരെ മൂന്ന് കരകള്‍ വീതിച്ചെടുക്കുകയും ചെയ്തതായി പ്രചാരണമുണ്ട്. എന്നിട്ടും പള്ളിയോടം വിജയിക്കാതെ കരയില്‍ മടങ്ങി എത്തിയപ്പോള്‍ ഭാരവാഹിക്ക് മര്‍ദനം ഏറ്റു.

ജല ഘോഷയാത്രക്ക് ശേഷം മത്സര വള്ളം കളിയിലേക്ക് കടക്കുമ്പോഴാണ് പള്ളിയോടത്തിന്റെ മധ്യഭാഗത്തുള്ള തുഴച്ചില്‍കാര്‍ക്ക് മാറ്റം ഉണ്ടാകുന്നത്.ഇവിടെ ഇരു വശത്തും ഇരുന്ന് തുഴയുന്ന കരക്കാര്‍ക്ക് പകരം കൂലിതുഴച്ചിലുകാര്‍ സ്ഥാനം പിടിക്കും. ഇരുവശത്തുമായി 20,30 പേര്‍ വീതം തുഴയാന്‍ കയറും. അപ്പോള്‍ 90 തുഴച്ചില്‍ക്കാര്‍ ഉള്ള പള്ളിയോടത്തില്‍ വേഗത നിശ്ചയിക്കുന്ന പ്രധാന മധ്യഭാഗം ഇവര്‍ കൈയടക്കും. പിന്നെല്ലാം ഇവരുടെ നിയന്ത്രണത്തിലാണ്. കരയിലെ പ്രമാണികള്‍ നാലോ അഞ്ചോ പേര്‍ അമരത്തു ഉണ്ടാകും. പാട്ടുകാര്‍ നാലു പേര്‍,
റിസേര്‍വ് നയമ്പുകാരും തുഴച്ചില്‍കാരും കരയില്‍ നിന്നുള്ളവരും. ഇങ്ങനെ ആയിരുന്നു പള്ളിയോടങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തത്. ഇത്തരത്തില്‍ തുഴച്ചില്‍കാരെ കൊണ്ടു
വന്ന ഓരോ പള്ളിയോട കരക്കും മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ചിലവായിട്ടുണ്ട്. ഒന്നര ലക്ഷം രൂപ ആയിരുന്നു പല ക്ലബുകളുടെയും കുറഞ്ഞ നിരക്ക്. ഇതിന് പുറമെ ഭക്ഷണം, താമസം, യാത്ര, മുന്തിയ ഇനം എനര്‍ജി ഡ്രിങ്ക്‌സ് എന്നിങ്ങനെ പോകുന്നു കരക്കാരുടെ ചെലവ്. ഇതെല്ലാം കൂടി കണക്കാക്കുമ്പോള്‍ ഏതാണ്ട് ഒന്നര കോടിയിലധികം തുക ഒരു ദിവസത്തേക്ക് മാത്രം ആറന്മുള പാര്‍ഥസാരഥിയുടെ സാന്നിധ്യമുള്ള പള്ളിയോട കരകളില്‍ നിന്നും പടിഞ്ഞാറേക്കും തെക്കോട്ടും ഒഴുകിയിട്ടുണ്ട്. പല കരകളിലും യുവാക്കളെ തുഴച്ചില്‍ പഠിപ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും കര പ്രമാണിമാരുടെ ആവേശത്തില്‍ പുറമെ നിന്നുള്ളവരെ കൊണ്ടുവരികയാണ് ചെയ്യുന്നത്. മറ്റുള്ളവരോട് മത്സരിക്കേണ്ടി വരുമ്പോള്‍ അതിനുള്ള പണം പാര്‍ഥസാരഥിക്ക് വഴിപാട് വള്ള സദ്യ നടത്തുമ്പോള്‍ ലഭിക്കുന്ന ദക്ഷിണ തുകയില്‍ നിന്നും എടുത്ത് ചെലവഴിക്കേണ്ടിയും വരുന്നു എന്നത് എല്ലാവരും വിസ്മരിക്കുന്നു എന്നതാണ് ഏറെ ദുഖകരം.

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

കടുവ ഇറങ്ങിയെന്ന് വ്യാജചിത്രമുണ്ടാക്കി പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍

കൂടല്‍:ഇഞ്ചപ്പാറ പ്രദേശത്ത് കടുവ ഇറങ്ങിയതായി വ്യാജ ചിത്രം സൃഷ്ടിച്ച് സാമൂഹികമാധ്യമങ്ങളില്‍…