കോഴഞ്ചേരി: കേരളത്തിന്റെ തനത് നിര്‍മിതികളില്‍ ലോക പ്രശസ്തമായ ആറന്മുള കണ്ണാടിയുടെ ചരിത്രം അറിയാനും രേഖപ്പെടുത്താനുമായി വിദേശ സംഘം. കണ്ണാടിയുടെ ചരിത്രവും പശ്ചാത്തലവും പുറംലോകത്തേക്ക് കൂടുതല്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് നിര്‍മിതി നേരില്‍ ചിത്രീകരിക്കാന്‍ കൊറിയയില്‍ നിന്നുള്ള ചരിത്ര കുതുകികളുടെ സംഘം എത്തിയിട്ടുള്ളത്. നാടിന്റെ സ്വന്തവും പരമ്പരാഗതമായി നില നില്‍ക്കുന്നതുമായ ഏഷ്യയിലെ പ്രധാന കരവിരുതുകളെ ചിത്രീകരിക്കുകയും അത് ഡോക്യുമെന്റ് ചെയ്യുകയുമാണ് കൊറിയയില്‍ നിന്നുള്ള സംഘത്തിന്റെ ലക്ഷ്യം.
ഒരാഴ്ചയ്ക്ക് മുന്‍പ് ആറന്മുളയില്‍ എത്തിയ സംഘം കണ്ണാടിയുടെ നിര്‍മ്മാണം ആദ്യാവസാനം ചിത്രീകരിക്കുന്നുണ്ട്. ഇതിനായുള്ള മണ്ണ് എടുക്കുന്നത് മുതല്‍ അവസാന മിനുക്ക് വരെ ഇവര്‍ ക്യാമറയില്‍ പകര്‍ത്തുന്നു. പമ്പാ തീരത്ത് മാലക്കരേത്ത് അതിഥി മന്ദിരത്തില്‍ താമസിച്ചാണ് ഇവര്‍ ആറന്മുളയുടെ തനത് കൂട്ടില്‍ രൂപപ്പെടുന്ന ലോഹക്കണ്ണാടിയുടെ ചരിത്രം ക്യാമറയിലൂടെ ഒപ്പിയെടുക്കുന്നത്.
ഇത്തരത്തിലുള്ള ഡോക്യുമെന്ററികള്‍ രൂപപ്പെടുത്തുന്ന ലീ ചോങ്‌ഹോയാണ് സംവിധായകന്‍. പുറം കാഴ്ചകള്‍ക്ക് കൂടാതെ ആറന്മുള കണ്ണാടിയുടെ മുഖ്യക്രാഫ്റ്റ്മാന്‍ പി. ഗോപകുമാറിന്റെ അദിതി ഹാന്‍ഡി ക്രാഫ്ട് സെന്ററിലെ തൊഴില്‍ ശാലയിലാണ് ചിത്രീകരണം നടക്കുന്നത്. പാലക്കാട് അലനല്ലൂര്‍ സ്വദേശിയായ ജെ. പ്രസാദ് ആറന്മുള കണ്ണാടിയെക്കുറിച്ച് നേരത്തെ ഒരു ഡോക്യുമെന്ററി ചിത്രീകരിച്ചിരുന്നു. ഇതിന്റെ പ്രസക്ത ഭാഗങ്ങള്‍ കണ്ടതോടെയാണ് കൊറിയന്‍ സംഘം ആറന്മുളയിലേക്ക് എത്തിയത്. ആറന്മുള കണ്ണാടിക്ക് പുറമെ ഇന്ത്യയില്‍ നിന്നും ഒരു പ്രാചീന പരമ്പരാഗതമായ നിര്‍മ്മാണം കൂടി ഇവര്‍ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. മിറാജിലെ സിത്താര്‍ നിര്‍മ്മാണമാണിത്.