പത്തനംതിട്ട: പമ്പയ്ക്ക് പുളകമായി വഞ്ചിപ്പാട്ടും പാടിയെത്തിയ കരക്കാര്‍. മഴ മാറി നിന്ന പകല്‍. ക്ഷേത്രക്കടവില്‍ കാത്തു നിന്ന് വഴിപാടുകാര്‍.തെളിഞ്ഞ മനസോടെ കരക്കാരുംവഴിപാടുകാരും പാര്‍ത്ഥസാരഥിക്ക് മുന്നില്‍ ഹരേ കൃഷ്ണ മന്ത്രം ഉരുവിട്ട് തൂശനിലയില്‍ വിഭവങ്ങള്‍ വിളമ്പിയതോടെ ആറന്മുള വള്ളസദ്യക്ക് തുടക്കം.
മഹാ പ്രളയവും കോവിഡ് മഹാമാരിയും സൃഷ്ടിച്ച നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭക്തര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ആണ് ഇത്തവണ വള്ളസദ്യകള്‍ ആരംഭിച്ചത്. ഇനിയുള്ള 72 ദിവസം 52 പള്ളിയോടക്കരകളിലും. വള്ളസദ്യയുടെ രുചിക്കാലം കൂടിയാണ്. വഞ്ചിപ്പാട്ടിന്റെ താളത്തില്‍ കഴിഞ്ഞകാല താളപ്പിഴ വരുത്തിയ കാലം മറന്നു കൊണ്ടാണ് ആറന്മുള പാര്‍ഥസാരഥിയുടെ മണ്ണില്‍ വീണ്ടും വള്ളസദ്യക്കാലത്തിന് തുടക്കം കുറിച്ചത്.
പൊന്‍പ്രകാശം വിതറുന്ന വിളക്കത്ത് വിളമ്പണം എന്ന് തുടങ്ങിയ വഞ്ചിപ്പാട്ടോടെയാണ് വിളക്കിന് മുന്‍പില്‍ ഈശ്വര സങ്കല്‍പ്പത്തില്‍ വിഭവങ്ങള്‍ വിളമ്പിയത്. അഭിഷേക തീര്‍ഥം വേണം കളഭകുങ്കുമം വേണം എന്നവഞ്ചിപ്പാട്ടോടെ പ്രസാദവും സ്വീകരിച്ചു് തുടര്‍ന്ന് മഹാവിഭവങ്ങള്‍
ഒരുക്കിയുള്ള സദ്യ കരക്കാര്‍ സ്വീകരിക്കുകയും ചെയ്തു. സദ്യയ്ക്ക് ശേഷംകൊടിമരച്ചുവട്ടില്‍ ഒരുക്കിയിരുന്ന നിറപറകള്‍ ഭഗവാന് സമര്‍പ്പിച്ചു് നെല്‍പ്രസാദവും വാങ്ങി കരക്കാര്‍ക്ക് ദക്ഷിണ നല്‍കി വഴിപാടുകാരന്‍ തിരികെ യാത്രയാക്കിയതോടെ ആദ്യ ദിനം വഴിപാടിന് സമാപനമായി. വഴിപാടുകാരനെ ഈശ്വരന്റെ നാമത്തില്‍ അനുഗ്രഹിക്കുന്ന വഞ്ചിപ്പാട്ട് പാടിയാണ് കരക്കാര്‍ മടങ്ങിയത്.
കരകളുടെ നാഥനായ ആറന്മുള പാര്‍ഥസാരഥിക്ക് മുന്നില്‍ ഇനിയുള്ള 72 ദിവസം നിലയ്ക്കാതെ വഞ്ചിപ്പാട്ട് മുഴങ്ങും. രുചിയുടെ പെരുമപേറുന്ന ആറന്മുളയിലെ 64 വിഭവങ്ങള്‍ പാട്ടിനൊപ്പം ഇലയിലെത്തും, ഉപ്പിലിട്ടത് മുതല്‍ അഞ്ച് തരം പായസം വരെ നീളുന്ന സദ്യ. ഇലയില്‍ വിളമ്പുന്ന 44 വിഭവങ്ങള്‍ക്ക് പുറമെതുഴച്ചിലുകാര്‍ പാടി ചോദിക്കുന്ന 20 വിഭവങ്ങളും രുചിയുടെ താളപ്പെരുമ തീര്‍ക്കുന്നവയാണ്. ആചാരങ്ങളില്‍ അണുവിട വ്യത്യാസമില്ലാതെ നടത്തുന്ന വള്ളസദ്യവഴിപാട് സ്വീകരിക്കാന്‍ പള്ളിയോടങ്ങള്‍ എത്തും.ആദ്യ ദിനം ആദ്യമെത്തിയത്
മാരാമണ്‍ പള്ളിയോടം ആയിരുന്നു. ഇടശ്ശേരിമല കിഴക്ക്, തോട്ടപ്പുഴശ്ശേരി, വെണ്‍പാല, തെക്കേമുറി, മല്ലപ്പുഴശ്ശേരി, മേലുകര,കോറ്റാത്തൂര്‍, ഇടനാട്, തെക്കേമുറി കിഴക്ക്, ആറാട്ടുപുഴ എന്നീ പത്തു പള്ളിയോടങ്ങളാണ് ആദ്യ ദിനത്തില്‍ വള്ളസദ്യയില്‍ പങ്കെടുക്കാന്‍ പമ്പയിലൂടെ പാടി തുഴഞ്ഞ് കടവിലേക്ക് എത്തിയത്.
പള്ളിയോട സേവാസംഘം പ്രസിഡണ്ട് കെ.വി സാംബദേവന്റെ അധ്യക്ഷതയില്‍ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിസന്റ് പി.എസ്. പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശേഷം തൂശനിലയില്‍ വിഭവങ്ങള്‍ വിളമ്പി അദ്ദേഹം വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. ചീഫ് വിപ്പ് പ്രഫ. എന്‍.ജയരാജ്, അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ,ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി. സുന്ദരേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 52 കരകളിലെ പള്ളിയോടങ്ങള്‍ക്കായി നടത്തുന്ന വള്ളസദ്യ ഒക്ടോബര്‍ രണ്ടുവരെ നീണ്ടുനില്‍ക്കും. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്ര പരിസരത്ത് പോലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.