ആറന്മുള: ശ്രീ പാര്‍ത്ഥസാരഥിയുടെ പിറന്നാള്‍ സദ്യയുണ്ട് ആയിരങ്ങള്‍.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വള്ളസദ്യയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു.
ആറന്മുള ശ്രീ പാര്‍ത്ഥസാരഥിയുടെ പിറന്നാള്‍ ദിവസമായ ഇന്ന് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. ഭഗവാന്റെ തിരുന്നാള്‍ ദിവസം ആറന്മുളയിലെത്തുന്ന ഭക്തര്‍ക്കായി പള്ളിയോട സേവാ സംഘം ഭാരവാഹികളും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് വിഭവസമൃദ്ധമായ സദ്യയൊ രുക്കുന്നത് പതിവാണ്.
വള്ളസദ്യകള്‍ക്ക് വിളമ്പുന്ന എല്ലാ വിഭവങ്ങളും കൂടാതെ അമ്പലപ്പുഴ പാല്‍പ്പായസവും സംഘടകര്‍ ഒരുക്കിയിരുന്നു. രാവിലെ 11 മണിയോടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊടിമരച്ചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കില്‍ ദീപം പകര്‍ന്ന് വള്ളസദ്യകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് സുരേഷ് ഗോപിയും മന്ത്രി വീണാ ജോര്‍ജും ചേര്‍ന്ന് ഭഗവാനെ സങ്കല്‍പ്പിച്ച് വിളക്കിന് മുന്നിലെ തൂശനിലയില്‍ വള്ളസദ്യയുടെ വിഭവങ്ങള്‍ വിളമ്പിയതോടെ അഷ്ടമി രോഹിണി വള്ളസദ്യക്ക് തുടക്കമായി.
പള്ളിയോടങ്ങളിലെത്തിയ കരക്കാര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ പന്തലുകളിലും മറ്റ് ഭക്തര്‍ക്ക് ക്ഷേത്ര മതില്‍ കെട്ടിനുള്ളിലുമാണ് സദ്യ ക്രമീകരിച്ചത്. ഭക്തര്‍ക്കൊപ്പം ഭഗവാനും സദ്യയുണ്ണും എന്നാണ് വിശ്വാസം. ഇത്തവണ സോപാനം കാറ്ററിങ് ഉടമ ഹരിച്ചന്ദ്രനാണ് വള്ളസദ്യ തയ്യാറാക്കിയത്. ലോകത്ത് തന്നെ ഏറ്റവും വലിയ സമൂഹസദ്യ എന്ന നിലയില്‍ ആറന്‍മുള വള്ളസദ്യ റിക്കാഡ് ബുക്കുകളിലും ഇടം നേടിയിട്ടുണ്ട്.