നിഗൂഢതക്കും കഥകള്‍ക്കും പേരു കേട്ട അമേരിക്കയിലെ ഏരിയ 51 ല്‍ യൂട്യൂബര്‍ കണ്ടെത്തിയത് 70 വര്‍ഷം മുന്‍പ് അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങള്‍. ദൃശ്യങ്ങള്‍ വൈറലായി.
മാര്‍ക്ക് വിന്‍സ് എന്ന യൂട്യൂബര്‍ തുടങ്ങിയ ബ്രേവ് വൈല്‍ഡേഴ്‌സ്‌നെസ് എന്ന ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയാണ് വൈറലായിരിക്കുന്നത്. നിഗൂഢമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്ന പ്രദേശത്ത് നിന്നുള്ള വീഡിയോ ആകാംക്ഷയ്ക്കും കഥകള്‍ക്കും കാരണമായി.
70 വര്‍ഷം മുമ്പ് ഏരിയ 51 ല്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ശേഷിപ്പുകളുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പറക്കും തളികകളും അന്യഗ്രഹ
ജീവികളുമെല്ലാം കഥകളിലുള്ള അമേരിക്കയിലെ ഏരിയ 51 ശാസ്ത്ര കുതുകികള്‍ക്കും വൈജ്ഞാനിക അന്വേഷകര്‍ക്കും ഇപ്പോഴും ഏറെ പ്രിയങ്കരമായ സ്ഥലമാണ്.
അജ്ഞാതവസ്തുക്കളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഏരിയ 51 എക്കാലവും ഇടം പിടിച്ചിട്ടുളളത്. ബ്രേവ് വൈല്‍ഡേഴ്‌സ്‌നെസ്സ് എന്ന ചാനലില്‍ 2020 ലാണ് മാര്‍ക്ക് വിന്‍സ് വീഡിയോ അപ്‌ലോഡ് ചെയ്തത്. വീഡിയോയ്ക്ക് 1.4 ദശലക്ഷമായി കാഴ്ചക്കാര്‍. പല തരത്തിലുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ നിന്നും ഏരിയ 51 ലേക്ക് പോയ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് വിന്‍സ് നല്‍കുന്ന വിശദീകരണം.
”കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ നിന്ന് ഏരിയ 51ലേക്കായിരുന്നു വിമാനം പുറപ്പെട്ടത്. എന്നാല്‍ ഇത് മോശം കാലാവസ്ഥയില്‍ പെട്ടു. രഹസ്യദൗത്യം ആയിരുന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ അത് പറന്നത് റഡാറിനു താഴെയായിരുന്നു. എന്നാല്‍ 50 അടി താഴ്ചയില്‍ ചാര്‍ലെസ്റ്റണ്‍ പര്‍വതത്തിന്റെ ഗിരിശൃംഖത്തില്‍ തട്ടി. ” വീഡിയോയില്‍ വിന്‍സ് വിവരിക്കുന്നു.
1955 നവംബര്‍ 17 ന് രാവിലെ 8.19 ന് നെവാഡയിലെ ചാര്‍ലെസ്റ്റണ്‍ പര്‍വ്വതത്തില്‍ അപകടത്തില്‍ പെടുമ്‌ബോള്‍ വിമാനത്തില്‍ 14 ഉണ്ടായിരുന്നു എന്നും വിന്‍സ് പറയുന്നുണ്ട്. അമേരിക്കന്‍ സര്‍ക്കാര്‍ ഇത് പൂര്‍ണ്ണമായും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജീവന്‍ നഷ്ടമായവരുടെ സ്മാരകമായി പ്രൊപ്പല്ലറില്‍ ഒരെണ്ണം നില്‍ക്കുന്നതായും വീഡിയോയില്‍ പറയുന്നു. ചെരിവില്‍ തകര്‍ന്നു കിടക്കുന്ന വിമാന അവശിഷ്ടങ്ങളും വീഡിയോയില്‍ കാട്ടിത്തരുന്നുണ്ട്.
അതേസമയം ഹെക്ടറുകളോളം നീണ്ടുകിടക്കുന്ന ഈ രഹസ്യകേന്ദ്രത്തിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. അമേരിക്കയുടെ അതീവസുരക്ഷാ എയര്‍ഫോഴ്‌സ് ബേസ് ആയാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ വടക്കുപടിഞ്ഞാറന്‍ ലാസ്‌വേഗാസില്‍ നിന്നും ഏകദേശം 120 മൈല്‍ വടക്കുപടിഞ്ഞാറ് മാറി നെവാഡയിലാണ് ഏരിയ 51. 36,000 ഹെക്ടറുകളിലായിട്ടാണ് ഈ സ്ഥലം പരന്നുകിടക്കുന്നത്. ഭൂപടങ്ങളില്‍ പോലും കൃത്യമായ വിവരം നല്‍കാതെ രഹസ്യമായി സൂക്ഷിക്കുന്ന ഇടത്തെ കാഴ്ചകളാണ് വെയ്ന്‍ കാട്ടിത്തന്നത്. ലോകത്തിന്റെ ഊഹാപോഹങ്ങളില്‍ അന്യഗ്രഹജീവികളെക്കുറിച്ചുള്ള ഗവേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്ന സംശയം വരെയുണ്ട്.