
തിരുവല്ല: വേങ്ങല്‍ മാടപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള പരിപാടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. അഞ്ചംഗ സംഘത്തിലെ ഒന്നാം പ്രതി കാവുംഭാഗം അഴിയിടത്ത്ചിറ അമ്മണത്തുംചേരില്‍ വീട്ടില്‍ എ.ഡി.ഷിജു(37)വാണ് പിടിയിലായത്. അഴിയിടത്തുചിറ ചാലക്കുഴി പടിഞ്ഞാറേ കുറ്റിക്കാട്ടില്‍ പ്രമോദിനും കുടുംബത്തിനുമാണ് ആക്രമികളില്‍നിന്നും അപമാനവും ദേഹോപദ്രവവും ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ നടന്ന ഗാനമേളയ്ക്കിടെ കുടുംബം ഇരുന്നതിന് സമീപത്ത് നിന്ന് പ്രതികള്‍ ഡാന്‍സ് കളിച്ചു. ഇവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്‌റ്റേജിന്റെ മുന്നില്‍ വച്ച് പ്രതികള്‍ പ്രമോദിനെയും ഭാര്യ ചിഞ്ചുവിനെയും കൈയേറ്റം ചെയ്യുകയായിരുന്നു. അസഭ്യം വിളിച്ചുകൊണ്ട് ഇവരുടെ മകളുടെ കൈയില്‍ കസേര എടുത്തടിച്ചു.
തടയാന്‍ ശ്രമിച്ച പ്രമോദിനും മര്‍ദനമേറ്റു. രണ്ടാം പ്രതി ഓമനക്കുട്ടന്‍ ചെരുപ്പിട്ട് മുഖത്ത് ചവുട്ടി. മൂന്നു മുതല്‍ 5 വരെ പ്രതികളായ വിപിന്‍, ഉദയന്‍, ഇയാളുടെ മകന്‍ എന്നിവര്‍ ചേര്‍ന്ന് നിലത്തിട്ട് ചവുട്ടി. ഷിജു ചിഞ്ചുവിന്റെ ദേഹത്ത് അടിക്കുകയും ചുരിദാര്‍ വലിച്ചു കീറുകയും ചെയ്തു. ചിഞ്ചു സേ്റ്റഷനിലെത്തി നല്‍കിയ മൊഴിയനുസരിച്ച് എസ്.ഐ എന്‍ സുരേന്ദ്രന്‍ പിള്ളയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷിജുവിനെ ക്ഷേത്രപരിസരത്തുനിന്നും ഉടനെ തന്നെ കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. അറസ്റ്റിലായ പ്രതി സ്ഥിരമായി ഈ ക്ഷേത്രത്തിലെ ഉത്സവപരിപാടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. സന്തോഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.