അജോ കുറ്റിക്കന്‍
ഉത്തമപാളയം (തമിഴ്‌നാട്): കമ്പത്ത് ആനക്കൊമ്പ് പിടികൂടിയതുമായി ബന്ധപ്പെട്ട് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ആനക്കൊമ്പുകളുമായി പിടിയിലായവര്‍ക്ക് മുന്‍ കാലങ്ങളിലെ പ്രതികളുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നത്.
ആനക്കൊമ്പ് വന്‍തോതില്‍ കേരളത്തില്‍ നിന്നും തേനി ജില്ലയിലേക്ക് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്
കുമളി കമ്പം റോഡിലെ അപ്പാച്ചെ ഫാം പരിസരത്ത് ഡബ്ല്യു.സി.സി.ബിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് വാഹന പരിശോധന നടത്തുന്നതിനിടയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൂന്ന് ആനക്കൊമ്പുകളുമായി എത്തിയ രണ്ടു യുവാക്കള്‍ പിടിയിലായിരുന്നു. കേരളത്തില്‍ നിന്നും കര്‍ണാടക രജിസ്‌ട്രേഷനിലുള്ള മോട്ടോര്‍ സൈക്കിളിലാണ് ആനക്കൊമ്പുമായി ഇവര്‍ എത്തിയത്.
പിടികൂടിയ ആനക്കൊമ്പുകള്‍ കേരളത്തില്‍ നിന്നും എത്തിച്ചതായതിനാലാണ് കേരളത്തില്‍ മുന്‍ കാലങ്ങളില്‍ ആന വേട്ടക്കേസുമായി ബന്ധപ്പെട്ട് പ്രതികളായവരെ ചുറ്റിപ്പറ്റിയും അന്വേഷണം. ഈ സംഘങ്ങളുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.ഇടമലയാര്‍,പൂയംകുട്ടി ആനവേട്ട കേസുകളില്‍ പ്രതിയായിരുന്നവരിലേക്കും അന്വേഷണം നീളും. മുന്‍ കുറ്റവാളികളായിരുന്നവര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കുമളി മുതല്‍ രാജപാളയം വരെയുള്ള മേഖലയില്‍ വ്യാപകമായി ആനവേട്ട നടത്തിയിരുന്നതായി സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയായ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കൊന്നൊടുക്കിയ ആനകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൂടുതല്‍ വിശദമായ തെളിവെടുപ്പിനു ശേഷമേ വ്യക്തമാവു എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച സൂചന.പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന് പടിഞ്ഞാറ് മണിമലയാറിനു സമീപത്തെ മേഘമല വനത്തില്‍ ആനവേട്ട നടന്നിട്ടുണ്ട്. ഈ കേസുകളും അന്വേഷണ പരിധിയില്‍ വരും.
വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാനാണ് ആനക്കൊമ്പുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.ഏറിയപങ്കും ഹൈന്ദവ ദേവിദേവന്മാരുടെതാണ്.