
അടൂര്‍: ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് യേശുദേവന്റെ വ്യത്യസ്ത രീതിയിലുള്ള വേറിട്ട ചിത്രം രൂപകല്പന ചെയ്ത് കുമ്പഴ വെട്ടൂര്‍ പേഴും കാട്ടില്‍ സ്മൃതി ബിജു. 60 കിലോ ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ചാണ് യേശുദേവന്റെ ചിത്രം വരച്ചത്.
ഒരാഴ്ച്ച കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. കറുപ്പും വെളുപ്പും നിറത്തിലുള്ള 60 കിലോ കല്ലുകള്‍ ഉപയോഗിച്ച് 80 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള ക്യാന്‍വാസിലാണ് ഇദ്ദേഹം ചിത്രം വരച്ചത്. കഴിഞ്ഞ വര്‍ഷം ദുഃഖവെള്ളിയാഴ്ച്ചയോടനുബന്ധിച്ച് പേപ്പര്‍ കഷണങ്ങള്‍ ഉപയോഗിച്ച് യേശുദേവന്റെ ചിത്രം തീര്‍ത്തിരുന്നു. ചിത്രരചനയില്‍ പുതുവഴികള്‍ തേടുന്ന കലാകാരനാണ് ഇദ്ദേഹം. ചിത്രരചന ഒരിക്കലും ക്യാന്‍വാസില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്നും കണ്‍മുന്നില്‍ കാണുന്ന ഏതൊരു വസ്തുക്കള്‍ ഉപയോഗിച്ചും ഒരു കലാകാരന് ചിത്രരചന നടത്താന്‍ സാധിക്കും എന്ന് ഇദ്ദേഹം തെളിയിക്കുന്നു.
പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള 1000 ചിത്രങ്ങള്‍ വരയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ചിത്രവും വരച്ചത്. ഇതിനോടകം തന്നെ പച്ചക്കറി, പയര്‍ വര്‍ഗങ്ങള്‍, കാപ്പിപ്പൊടി, തേയില , പേപ്പര്‍ കഷണങ്ങള്‍, ഈര്‍ക്കില്‍, പൊട്ടുകള്‍, റിബണ്‍, മുട്ടത്തോട്, മുത്തുകള്‍ തുടങ്ങിയ നിരവധി വസ്തുക്കള്‍ ഉപയോഗിച്ച് ധാരാളം ചിത്രങ്ങള്‍ സ്മൃതി ബിജു ഒരുക്കിയിട്ടുണ്ട്. കൂടാതെ ദേവാലയങ്ങളുടെ അകത്തളങ്ങള്‍ അതി മനോഹരമാക്കി ജനശ്രദ്ധ നേടി. ഇതിനോടകം തന്നെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സ്, വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും വലിയ പെയിന്റിങിന്റെ പണിപ്പുരയിലാണ് അദ്ദേഹം.