അരുണാചലിലെ ദുരൂഹമരണം: നവീന്റെ ആശയവിനിമയങ്ങള്‍ കോഡ് ഭാഷയില്‍

1 second read
Comments Off on അരുണാചലിലെ ദുരൂഹമരണം: നവീന്റെ ആശയവിനിമയങ്ങള്‍ കോഡ് ഭാഷയില്‍
0

തിരുവനന്തപുരം: അരുണാചല്‍ പ്രദേശിലെ മലയാളികളുടെ ദൂരൂഹ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച നവീന്‍ ദേവിയുമായും ആര്യയുമായും ഇമെയില്‍ വഴി ആശയവിനിമയം നടത്തിയിരുന്നത് രഹസ്യഭാഷയിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

2021 മുതലുള്ള ഇമെയിലുകളാണ് പൊലീസ് പരിശോധിച്ചത്. ഒരു പ്രത്യേക സ്ഥലത്തെത്തി ജീവിതം അവസാനിപ്പിച്ചാല്‍ മറ്റൊരു ഗ്രഹത്തില്‍ പുനര്‍ജന്മം ലഭിക്കുമെന്ന് ദമ്ബതിമാരും സുഹൃത്തും വിശ്വസിച്ചിരുന്നു. ഇതിനായിരിക്കാം ഇവര്‍ അരുണാചലിലെ സീറോ തിരഞ്ഞെടുത്തതെന്നാണ് പൊലീസിന്റെ അനുമാനം.

മരണത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചായിരുന്നു നവീനും ദേവിയും ആര്യയും ചര്‍ച്ച ചെയ്തിരുന്നത്. മറ്റൊരു ഗ്രഹത്തില്‍ എത്തിയാല്‍ ഭൂമിയിലേതിനേക്കാള്‍ മികച്ച ജീവിതം സാധ്യമാകുമെന്നും മനുഷ്യരേക്കാള്‍ പതിന്മടങ്ങ് ബുദ്ധിശക്തിയുണ്ടാകുമെന്നുമാണ് ഇവര്‍ വിശ്വസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. സീറോയിലേക്ക് യാത്ര തീരുമാനിച്ചതും മരണം എങ്ങനെ വേണമെന്നതുള്‍പ്പടെ തീരുമാനിച്ചത് നവീനാണെന്നാണ് പ്രാഥമിക നിഗമനം. ആസൂത്രിതമായിരുന്നു ഇവരുടെ നീക്കങ്ങള്‍. മുറിയെടുക്കാന്‍ മറ്റുള്ളവരുടെ രേഖകള്‍ നല്‍കാതിരുന്നതും ഇതാണ് സൂചിപ്പിക്കുന്നത്.

ഡോണ്‍ ബോസ്‌കോ എന്ന പേരിലുള്ള വ്യാജ ഇമെയില്‍ ഐഡിയില്‍ നിന്ന് ഇവര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആര്യയ്ക്ക് മൂന്ന് വര്‍ഷം മുമ്ബ് ലഭിച്ച ഒരു ഇമെയില്‍ സന്ദേശം അന്വേഷണത്തില്‍ നിര്‍ണായകമായിട്ടുണ്ട്. അന്യഗ്രഹ ജീവിതത്തെ കുറിച്ചാണ് ഈ മെയിലില്‍ പറഞ്ഞിരുന്നത്. ഈ മെയില്‍ ആര്യ മറ്റ് ചിലര്‍ക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. ആര്യയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഈ സന്ദേശം ലഭിച്ച ചില സുഹൃത്തുക്കള്‍ വിവരം പൊലീസിന് കൈമാറുകയായിരുന്നു. വ്യാജ മെയില്‍ ഐഡിയുടെ ഉറവിടം കണ്ടെത്താനാണ് പൊലീസ് ശ്രമം.

സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം കന്റോണ്‍മെന്റ് എസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ദമ്ബതിമാരും മകളും ആണെന്ന് പറഞ്ഞാണ് മൂവരും സീറോയില്‍ മുറിയെടുത്തത്. ആര്യ മകളാണെന്നാണ് പറഞ്ഞത്. എന്നാല്‍, ഇതിനുള്ള രേഖകള്‍ നല്‍കിയില്ല.

മാര്‍ച്ച് 28നാണ് മൂവരും ഹോട്ടലില്‍ മുറിയെടുത്തതെന്ന് എസ്പി പറഞ്ഞു. മാര്‍ച്ച് 31 വരെ മൂവരെയും ഹോട്ടല്‍ ജീവനക്കാര്‍ പുറത്ത് കണ്ടിരുന്നു. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ല. സംശായസ്പദമായി ഒന്നും കണ്ടെത്താനായില്ല. നവീന്‍ ഒപ്പിട്ടതെന്ന് കരുതുന്ന ഒരുകത്തു ലഭിച്ചു. ഞങ്ങള്‍ സന്തോഷത്തിലാണെന്നും എവിടെയായിരുന്നോ അവിടേക്ക് പോവുകയാണെന്നുമാണ് കത്തിലുണ്ടായിരുന്നത്. ചില ഫോണ്‍നമ്ബറുകളും കത്തിലുണ്ടായിരുന്നു. കത്തിലുണ്ടായിരുന്ന നമ്ബറില്‍നിന്ന് ദേവിയുടെ പിതാവിനെയാണ് പൊലീസ് ആദ്യം ബന്ധപ്പെട്ടത്.

 

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…