
പത്തനംതിട്ട: കരാറുകാരനോട് വില പേശി കൈക്കൂലി ഗഡുക്കളായി വില പേശി വാങ്ങാന്‍ ശ്രമിച്ച വനിത അസിസ്റ്റന്റ് എന്‍ജിനീയറെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടി. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജി വിജയനെയാണ് വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മരാമത്ത് പണികള്‍ ഏറ്റെടുത്ത് ചെയ്യുന്ന കരാറുകാരന്റെ 12.50 ലക്ഷം രൂപയുടെ ബില്‍ തുക മാറി നല്‍കുന്നതിന് 37,000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങുമ്പോഴായിരുന്നു പിടിവീണത്.
പഞ്ചായത്തിലെ കുളം നവീകരണ പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരന്റെ ആദ്യ ഗഡു തുകയായ 9.5 ലക്ഷം രൂപ നേരത്തെ മാറി നല്‍കിയിരുന്നു. അന്നേരം കൈക്കൂലി ആവശ്യപ്പെട്ടിരുന്നെങ്കിലും പരാതിക്കാരന്‍ നല്‍കിയില്ല. തുടര്‍ന്ന് അന്തിമ ബില്ലായ 12.5 ലക്ഷം രൂപ മാറി നല്‍കണമെങ്കില്‍ ആദ്യ ബില്ലിന്റെ ബാക്കി കൈക്കൂലിയും ചേര്‍ത്ത് ആകെ ഒരു ലക്ഷം രൂപ വേണമെന്ന് വിജി വിജയന്‍ ആവശ്യപ്പെട്ടു. കരാറുകാരന്‍ പല പ്രാവശ്യം അസിസ്റ്റന്റ് എന്‍ജിനീയറെ നേരിട്ട് കണ്ട് കൈക്കൂലി തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ കഴിഞ്ഞ തിങ്കളാഴ്ച 50,000 രൂപയാക്കി കൈക്കൂലി കുറയ്ക്കാന്‍ അസി. എന്‍ജിനീയര്‍ തയാറായി. ആദ്യ ഗഡുവായി അന്നേരം കൈയിലുണ്ടായിരുന്ന 13,000 രൂപ പിടിച്ചു വാങ്ങിയെടുത്തു.
ബാക്കി 37,000 രൂപയുമായി ഇന്ന് ഓഫീസിലെത്താന്‍ കരാറുകാരനോട് ആവശ്യപ്പെട്ടു. പരാതിക്കാരന്‍ വിവരം വിജിലന്‍സ് ഡിവൈ.എസ്.പിയെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് സംഘം കെണിയൊരുക്കി. ഉച്ചയ്ക്ക് ഒരു മണിയോടെ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 37,000 രൂപ വാങ്ങവേ വിജി വിജയനെ പിടികൂടുകയായിരുന്നു. വിജിലന്‍സ് തെക്കന്‍ മേഖല പോലീസ് സൂപ്രണ്ട് കെ.കെ.അജി നേതൃത്വം നല്‍കി. ഇന്‍സ്‌പെക്ടര്‍മാരായ ജെ. രാജീവ്, കെ. അനില്‍ കുമാര്‍, യു.പി.വിപിന്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടറായ ഷാജി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജു, പുഷ്പ കുമാര്‍, ഹരിലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മണി ലാല്‍, രാജീവ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ചിത്ത്, അനീഷ്, കിരണ്‍, അജീര്‍, രേഷ്മ രാജ് എന്നിവരുമുണ്ടായിരുന്നു.