പത്തനംതിട്ട: സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ കിടപ്പു രോഗികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ കുടിശിക ആയിട്ട് രണ്ടു വര്‍ഷം കഴിയുന്നു. 13 ജില്ലകളില്‍ 2021 ജനുവരി മുതലും തിരുവനന്തപുരത്ത് ഫെബ്രുവരി മുതലും പെന്‍ഷന്‍ കുടിശികയാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ പത്തനംതിട്ട കല്ലറക്കടവ് കാര്‍ത്തികയില്‍ ബി. മനോജിന് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ പറയുന്നു.
കിടപ്പുരോഗികള്‍ക്ക് ആശ്വാസ കിരണം പദ്ധതി പ്രകാരം പ്രതിമാസം 600 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്. ഇതിനായി അതാത് വര്‍ഷങ്ങളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ നല്‍കണം. ഇക്കഴിഞ്ഞ ജനുവരി 23 വരെ 34,965 പേരാണ് ആശ്വാസ കിരണം പദ്ധതി പ്രകാരം ധനഹായത്തിന് അര്‍ഹത നേടിയിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷം പദ്ധതിക്കായി 42.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. അതില്‍ ആദ്യ ഗഡുവായി ലഭിച്ച 10 കോടി രൂപയില്‍ 9,86,20,800 രൂപ ചെലവഴിച്ച് ഏഴു ജില്ലകളില്‍ അഞ്ചു മാസത്തെയും ശേഷിച്ച ജില്ലകളില്‍ നാലു മാസത്തെയും കുടിശിക നല്‍കിയിരുന്നു. എന്നിട്ടും രണ്ടു വര്‍ഷത്തെ കുടിശിക നില നില്‍ക്കുകയാണ്.
ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് 2020 സെപ്റ്റംബര്‍ മുതല്‍ 2021 ജനുവരി വരെയും തിരുവനന്തപുരം ജില്ലയില്‍ 2020 ഡിസംബര്‍ വരെയും ബാക്കി ജില്ലകളില്‍ 2020 ഒക്‌ടോബര്‍ മുതല്‍ 2021 ജനുവരി വരെയുമുള്ള ധനസഹായം നല്‍കിയിട്ടുണ്ട്.